ന്യൂഡൽഹി: എയർഇന്ത്യ വിമാനത്തിന്റെ അറ്റകുറ്റ പണികൾക്കിടയിൽ കാൽ വഴുതി വീണ് എഞ്ചിനീയറിന് ദാരുണാന്ത്യം. എയർ ഇന്ത്യ വിമാനത്തിലെ സീനിയർ സൂപ്രണ്ട് എഞ്ചിനീയർ പ്രകാശ് സിംഗ് (56) ആണ് മരിച്ചത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അറ്റകുറ്റ പണികൾക്കായി ഗോവണിയിലൂടെ കയറിയപ്പോൾ വിമാനത്തിന്റെ റഡോമിൽ നിന്നും കാൽ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നെന്ന് മറ്റു ജീവനക്കാർ പറഞ്ഞു. നിലത്തേക്ക് വീണ ഇദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഉടനെ മറ്റു ജീവനക്കാർ തൊട്ടടുത്ത മെഡന്റ ആശുപത്രിയിലേക്കും അവിടെ നിന്നും മണിപാൽ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.