ബെംഗളുരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നിറങ്ങുന്ന ന്യൂസിലന്‍ഡിന് മറികടക്കേണ്ടത് ശ്രീലങ്കയെ മാത്രമല്ല, മറിച്ച് ഇടിവെട്ട് പെയ്യുമെന്ന് പ്രതീഷിക്കുന്ന മഴയെയുമാണ്. നാല് ജയങ്ങളുമായി പോയിന്റ് പട്ടികയില്‍ തലപ്പത്ത് നിന്ന കിവീസിന്റെ അപ്രതീക്ഷത പതനമായിരുന്നു ലോകകപ്പിലെ രണ്ടാം ഘട്ടം സാക്ഷിയായത്. തുടരെ നാലു തോല്‍വികള്‍. ഇപ്പോള്‍ കച്ചിത്തുരുമ്പായി നില്‍ക്കുന്നത് നെറ്റ് റണ്‍റേറ്റ് മാത്രം. ഇതു താഴാതെ നോക്കേണ്ടതാണ് മറ്റൊരു കടമ്പ.
അതേസമയം ഇന്നത്തെ ജയം കൊണ്ട് 2025ലെ ചാമ്പ്യന്‍സ് ട്രാഫി യോഗ്യതയാണ് ശ്രീലങ്ക ലക്ഷ്യമാക്കുന്നത്. 50 ഓവറില്‍ 401 റണ്‍സടിച്ചിട്ടും പാകിസ്താനോട് തോല്‍വി വഴങ്ങേണ്ടിവന്നതാണ് കിവീസിനെ ഞെട്ടിച്ചതും സെമി സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചതും. മൂന്ന് പേരാണ് സെമിയിലെ ഒറ്റ സീറ്റിനായി വരി നില്‍ക്കുന്നത്. ആരു വന്നാലും അവര്‍ ഇന്ത്യയോടാകും എതിരിടേണ്ടി വരിക.
എട്ടുപോയിന്റാണ് ന്യൂസിലന്‍ഡിനും അഫ്ഗാനിസ്ഥാനും പാകിസ്താനുമുള്ളത്. +0.398 റണ്‍റേറ്റില്‍ മുന്നിലുള്ളത് കിവീസും. അതിനാല്‍ ഒരു വിജയം അവരുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. വലിയ മാര്‍ജിനിലുള്ള വിജയമാണെങ്കില്‍ സെമി ഉറപ്പാക്കും. അഥവാ തോല്‍വിയാണെങ്കില്‍ പാകിസ്താന്റെയും അഫ്ഗാന്റെയും തോല്വികള്ക്കായി പ്രാര്‍ത്ഥിക്കുകയെ രക്ഷയുള്ളൂ. അഞ്ചാം സ്ഥാനത്തുള്ള പാകിസ്താന് +0.036 ആണ് റണ്‍റേറ്റ്.
2019 ഏകദിന ലോകകപ്പില്‍ 18 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയത്. ഇതിന് പകരം വീട്ടാന്‍ കാത്തിരിക്കുകയാണ് ടീം ഇന്ത്യ. കിവീസിന്റെ ബാറ്റിംഗ് നിര സുസജ്ജമാണെങ്കിലും ബൗളിംഗ് നിരയ്ക്ക് ദൗര്ബല്യമേറയുമുണ്ട്. ഇത് പാകിസ്താനെതിരെ കണ്ടതുമാണ്.