ടെൽ അവീവ്: ദിവസവും നാല് മണിക്കൂർ വീതം ഹമാസിനെതിരായ സൈനിക നീക്കങ്ങൾ നിർത്തി വയ്ക്കാൻ അനുമതി നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാനുഷിക ഇടനാഴികൾ വഴി സാധാരണക്കാരായ ആളുകൾക്ക് പലായനം ചെയ്യുന്നതിനും, അവശ്യ സേവനങ്ങൾ കൈമാറുന്നതിന്റേയും ഭാഗമായിട്ടാണ് നടപടി. എന്നാൽ ഹമാസ് ഭീകരരെ ഇല്ലാതാക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കുന്നത് വരെ പോരാട്ടം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
പ്രദേശത്ത് കുടുങ്ങി കിടക്കുന്നവർക്ക് പുറത്തെത്തുന്നതിനും, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള ആദ്യ പടിയാണ് ഇതെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. അതേസമയം നിശ്ചിത ഇടങ്ങളിൽ മാത്രമാകും ഇത്തരത്തിലുള്ള ഇടവേളകൾ അനുവദിക്കുന്നതെന്നും ഇസ്രായേൽ അറിയിച്ചിട്ടുണ്ട്.
239ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്. ഇവരിൽ പത്തോളം പേർ അമേരിക്കൻ പൗരന്മാരാണ്. ഇപ്പോഴുള്ള ഈ പോരാട്ടത്തിൽ പാലസ്തീൻ പൗരന്മാരെ അവിടെ നിന്ന് കുടിയൊഴിപ്പിക്കാൻ ഇസ്രായേൽ ആഗ്രഹിക്കുന്നില്ലെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ” ഗാസയിൽ ഇനിയും കൊലയാളികൾക്ക് സ്ഥാനം ഉണ്ടാകില്ലെന്ന് നമ്മൾ ഉറപ്പാക്കണം. സാധാരണക്കാർക്ക് വേണ്ടി ഇനി പുതിയൊരു ഗാസ ഉണ്ടാകണമെന്നും” നെതന്യാഹു പറയുന്നു.