ഒറ്റ ചോദ്യം മതി ജീവിതം മാറാനെന്ന് പറയുന്നത് പോലെ ഒറ്റ മീൻ മതി ലക്ഷാധിപതിയാകാനെന്നാണ് ഈ മത്സ്യത്തൊഴിലാളി പറയുന്നത്. പാകിസ്താനിലെ ഇബ്രാഹിം ഹൈദരി ഗ്രാമത്തിലെ മത്സ്യത്തൊഴിലാളിയായ ഹാജി ബലൂച്ച് ആണ് ആ ഭാഗ്യവാൻ. ഒറ്റ മത്സ്യത്തിന്റെ വിൽപനയിലൂടെ 70 ലക്ഷം രൂപയാണ് ഹാജി ബലൂച്ച് സ്വന്തമാക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഹാജിയുടെ ജീവിതം മാറ്റിമറിച്ച ആ ദിവസം. ഹാജിയും കൂട്ടരും വലയെറിഞ്ഞപ്പോൾ സോവാ എന്ന സ്വർണ്ണ മത്സ്യം അവരുടെ വലയിൽ കുരുങ്ങി. പിന്നാക്ക ഗ്രാമമായ ഇബ്രാഹിം ഹൈദരി നിവാസികളായ ഹാജി ബലൂച്ചും കൂട്ടരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത നേട്ടമായിരുന്നു അത്. ഏറെ ഔഷധ ഗുണമുള്ള അപൂർവ്വ മത്സ്യങ്ങളിലൊന്നായതിനാൽ ലക്ഷക്കണക്കിന് രൂപയ്‌ക്ക് മീൻ വിൽക്കാൻ സാധിച്ചു. സോവോ മത്സ്യത്തിനുള്ളിലുള്ള നൂല് പോലുള്ള വസ്തു ഓപ്പറേഷൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് മത്സ്യത്തിന് വലിയ മൂല്യമുണ്ടായത്.















