ദുബായ്: ശ്രീലങ്കയെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിലക്കി ഐസിസി. ബോർഡിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ശ്രീലങ്കൻ സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ കടുത്ത നടപടി. വിലക്ക് അവസാനിക്കും വരെ ശ്രീലങ്കൻ ടീമിന് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ സാധിക്കില്ല.
ഗുരുതര ചട്ടലംഘനം നടന്നതായി കണ്ടെത്തിയതിനാലാണ് വിലക്ക്. ക്രിക്കറ്റ് ബോർഡ് പ്രവർത്തനങ്ങളിൽ അതാത് രാജ്യത്തെ സർക്കാരിന് നേരിട്ട് കൈകടക്കാൻ പാടില്ല എന്നതാണ് ഐസിസി ചട്ടം. ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ടതുവഴി ശ്രീലങ്ക ഇത് ലംഘിച്ചതായി ഐസിസി ചൂണ്ടിക്കാട്ടി.
ഏകദിന ലോകകപ്പിൽ നില കണ്ടെത്താനാകാതെ പുറത്തായതിന് പിന്നാലെയാണ് ക്രിക്കറ്റ് ബോർഡിനെ ശ്രീലങ്കൻ സർക്കാർ പിരിച്ചുവിട്ടത്. അഴിമതിയും നടപടിക്കുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് ബോർഡിനെ പിരിച്ചുവിട്ടത്.