ഭുവനേശ്വർ: ഒഡിഷയിൽ പുരാതന രഥചക്രം കണ്ടെത്തി. മഹാഭാരത കാലഘട്ടത്തിലേതെന്ന് കരുതുന്ന രഥചക്രം അര്ജുനഘട്ട് എന്ന് വിളിക്കുന്ന തീര്‍ത്ഥാടന കേന്ദ്രത്തിലെ ഖഡക് നദിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇതിന്റെ പഴക്കം കൃത്യമായി നിര്‍ണയിച്ചിട്ടില്ല.
രഥചക്രത്തിന്‍ വൃത്താകൃതിയിലുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത ചക്രത്തിന്റെ മധ്യഭാഗത്ത് രഥത്തോട് ഘടിപ്പിക്കുന്ന അച്ചുതണ്ട് ഉറപ്പിക്കുന്നതിന് അതേ അളവില്‍ ദ്വാരമുണ്ട്. അര്ജുനഘട്ടില് കുളിക്കുന്നതിനിടെ പ്രദേശവാസിയായ സുമന്തനായിക് എന്നയാളാണ് ഇത് കണ്ടെത്തിയത്. പിന്നീട് ജനങ്ങളെ കൂട്ടി ഇത് കരയിലെത്തിക്കുകയായിരുന്നു.
കൃഷ്ണാര്ജുനന്മാര് ഖഡക് തീരത്ത് ഈ പ്രദേശത്ത് എത്തിയിരുന്നുവെന്ന് ഒരു ഐതിഹ്യം അര്ജുനഘട്ട് എന്ന പേരിനോട് ചേര്‍ത്ത് നേരത്തെ പ്രചാരത്തിലുണ്ട്. രഥചക്രം കണ്ടെടുത്തതോടെ ജനങ്ങള്‍ ഈ വിശ്വാസം ഉറപ്പിക്കുകയാണ്. കന്ധമാലിലെ കെ നുഗാവ് ബ്ലോക്കിന് കീഴിലുള്ള പുരുനസാഹി ഗ്രാമത്തില്‍ കണ്ടെടുത്ത രഥചക്രം കാണാനും പൂജിക്കാനുമായി നൂറുകണക്കിന് ഗ്രാമീണരാണ് ഇവിടേക്ക് എത്തുന്നത്. മഹാഭാരത കാലത്ത് അര്ജുനന് ഉപയോഗിച്ചിരുന്ന രഥത്തിന്റെ ചക്രമാണിതെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.