പച്ചക്കറി കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിന്റെ കൂട്ടത്തിൽ അഞ്ചാറ് നാരങ്ങ വാരി ഇട്ടില്ലെങ്കിൽ നമ്മിൽ പലർക്കും സമാധാനം കിട്ടാറില്ല. പച്ചക്കറികൾ വാങ്ങി പണം കൊടുക്കുമ്പോൾ കടക്കാരന് ബാക്കി ചില്ലറ തരാനില്ലെന്ന് പറഞ്ഞാൽ ആ കാശിന് രണ്ട് നാരങ്ങ തന്നാൽ മതി എന്നാവും അപ്പോഴും പറയുന്ന മറുപടി. എന്നാൽ വാങ്ങി കഴിയുമ്പോൾ പല വീടുകളിലേയും ഫ്രിഡ്ജുകളിൽ ഉണങ്ങി ഇരിക്കാനാണ് ഇവർക്ക് വിധിയുണ്ടായിട്ടുള്ളത്. നാരങ്ങ വാങ്ങാനുള്ള ആവേശം അവ കരിഞ്ഞു പോകാതെ സൂക്ഷിച്ചു വയ്‌ക്കുന്നതിനു കാണിക്കണം. ഈ പൊടിക്കൈകൾ അതിനായി പരീക്ഷിച്ചു നോക്കാം..
സിപ് ലോക്കർ കവറുകളോ വായു കടക്കാത്ത ജാറുകളിലോ ഇട്ട് വയ്‌ക്കാം
ചെറു നാരങ്ങകൾ കേടുവരാതെ സൂക്ഷിക്കാൻ വായുകടക്കാത്ത രീതിയിൽ അടച്ചു സൂക്ഷിക്കുന്നത് ഏറെ കാലം നാരങ്ങകൾ ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കുന്നു. ജലാംശം തീരെ ഇല്ലാത്ത നാരങ്ങകൾ സിപ് ലോക്കർ കവറുകളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്‌ക്കാം.
അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് വയ്‌ക്കുക
അലുമിനിയം ഫോയിലിൽ നാരങ്ങകൾ പൊതിഞ്ഞ് സൂക്ഷിക്കുന്നതും പെട്ടന്ന് ഇവ കേടുവരാതിരിക്കാൻ സഹായിക്കുന്നു. നാരങ്ങകളിൽ ഉണക്കം തട്ടുന്നത് തടയാനും സഹായിക്കുന്നു.