യുദ്ധത്തിന്റെ അവശിഷ്ടങ്ങൾ അന്വേഷിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തിയവരെ കുറിച്ചും നാം ഒരുപാട് കേട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് പോളണ്ടിലുണ്ടായത്. രണ്ടാം ലോകയുദ്ധത്തിന്റെ അവശിഷ്ടങ്ങൾ അന്വേഷിച്ച് മൂന്നംഗ സംഘം യാത്ര തിരിച്ചു. എന്നാൽ യാത്രയ്‌ക്കൊടുവിൽ അവരെ കാത്തിരുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത വൻ നിധി കൂമ്പാരം.
യുദ്ധത്തിന്റെ അവശിഷ്ടങ്ങളായ ബട്ടണുകൾ, നാണയങ്ങൾ, മറ്റ് എന്തെങ്കിലും വസ്തുക്കൾ എന്നിവയൊക്കെ അന്വേഷിച്ചാണ് മൂന്ന് സുഹൃത്തുക്കൾ മെറ്റൽ ഡിറ്റക്ടറുകളുമായി യാത്ര പുറപ്പെട്ടത്. എന്നാൽ പോളണ്ടിൽ അവരെ കാത്തിരുന്നത് വൻ നിധി ശേഖരമായിരുന്നു. ആറ്-എട്ട് ഇഞ്ച് താഴെ കുഴിച്ചിട്ട നിലയിലുള്ള ഒരു മെറ്റൽ ക്യാനാണ് ആദ്യം കണ്ടെടുത്തത്. ഉടൻ തന്നെ അവർ ക്യാൻ തകർത്തു. അതിനുള്ളിൽ പരിശോധിച്ചപ്പോൾ മൂവരും ഞെട്ടി. വെട്ടി തിളങ്ങുന്ന ഡസൻ കണക്കിന് സ്വർണ നാണയങ്ങൾ. ഭദ്രമായി സൂക്ഷിച്ച നിലയിലായിരുന്നു സ്വർണ നാണയങ്ങളുണ്ടായിരുന്നത്.
കണ്ടെടുത്ത സ്വർണ നാണയങ്ങളുടെ ചിത്രങ്ങൾ അവർ സമൂഹമാദ്ധ്യമങ്ങളി പങ്കുവെച്ചു. 70 സ്വർണനാണയങ്ങളാണ് കിട്ടിയത്. തികച്ചും അപ്രതീക്ഷിതമായ കണ്ടെത്തലായിരുന്നു ഇതെന്നും ഇത് ചരിത്രത്തിൽ രേഖപ്പെടുത്തുന്നുവെന്നും സ്സെസിൻ എക്സ്പ്ലോറേഷൻ ഗ്രൂപ്പ് അസോസിയേഷൻ അറിയിച്ചു.