വാഷിംഗ്ടൺ: കിഴക്കൻ മെഡിറ്ററേനിയൻ സമുദ്രത്തിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് അമേരിക്കൻ സൈനികർ മരിച്ചു. പതിവ് പരിശീലനത്തിന്റെ ഭാഗമായി ഇന്ധനം നിറയ്‌ക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് യുഎസ് സൈന്യം അറിയിച്ചു. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മേഖലയിൽ യുഎസ് സാന്നിദ്ധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്.
ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് പ്രസിഡന്റ് ജോ ബൈഡൻ ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയ്‌ക്കായി ജീവൻ ത്യജിച്ച യോദ്ധാക്കളുടെ കുടുംബങ്ങൾക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്റർ എവിടെ നിന്നാണ് പറന്നതെന്നോ എവിടെയാണ് തകർന്നതെന്നോ സൈനിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് വിമാനവാഹിനിക്കപ്പലുകളും ജെറ്റുകളും കിഴക്കൻ മെഡിറ്ററേനിയൽ കേന്ദ്രീകരിച്ച് വ്യന്യസിച്ചിട്ടുണ്ട്.
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം മേഖലയിൽ മറ്റ് വ്യാപിക്കുമോ എന്ന ആശങ്ക യുഎസിനുണ്ട്. പ്രത്യേകിച്ചും, ലെബനൻ കേന്ദ്രീകരിച്ച് പ്രവർത്തിത്തുന്ന ഭീകരസംഘടനയായ ഹിസ്ബുള്ള ഹമാസിനൊപ്പം ചേരുന്നത് മേഖലയുടെ സമാധാനന്തരീക്ഷത്തിന് ഭീഷണിയാണെന്നാണ് യുഎസിന്റെ കണക്കുകൂട്ടൽ.