ടെൽ അവീവ്: ഗാസയിലെ ആശുപത്രിയിലാണ് ബന്ദികളാക്കിയവരെ പാർപ്പിച്ചിരിക്കുന്നത് എന്ന സൂചന ലഭിച്ചതായി ഇസ്രായേൽ സൈന്യം. കുട്ടികളുടെ ആശുപത്രിയുടെ ബേസ്‌മെന്റിലാണ് ഇവരുള്ളതെന്ന് സൂചന നൽകുന്ന വീഡിയോകളും ചിത്രങ്ങളുമാണ് ഇസ്രായേൽ സൈന്യം പങ്കു വച്ചിരിക്കുന്നത്. കാൻസർ ബാധിതരായ കുട്ടികളെ ചികിത്സിക്കുന്ന റാന്തിസി ഹോസ്പിറ്റലിന്റെ ബേസ്‌മെന്റിലാണ് ഹമാസിന്റെ ഈ രഹസ്യ കേന്ദ്രമുള്ളത്.
ഇവിടെ നിറയെ ഗ്രനേഡുകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ബന്ദികളാക്കപ്പെട്ടവരും ഈ ആയുധ ശേഖരത്തിന് നടുവിൽ ഉണ്ടെന്നുള്ള സൂചനകളാണ് ലഭിച്ചിരിക്കുന്നത്. ഏകദേശം സ്ഥിരീകരണം ആയെങ്കിലും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ചെറിയ അടുക്കള ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ആശുപത്രികൾ ഉൾപ്പെടെ നിയന്ത്രണത്തിലാക്കിയ ശേഷമാണ് ഹമാസ് ഇവിടെ നിന്നും തങ്ങളുടെ സൈനികർക്ക് നേരെ ഭീകരർ ആക്രമണം നടത്തിയതെന്ന് ഹഗാരി പറയുന്നു. ഹമാസിന്റെ കമാൻഡ് സെന്ററുകളെല്ലാം ഗാസയിലെ പ്രധാന ആശുപത്രികളോട് ചേർന്നാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണക്കാരേയും രോഗികളേയും ഹമാസ് മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയാണെന്നും ഇസ്രായേൽ ആരോപിച്ചിരുന്നു.