സുരേഷ്ഗോപി നായകനായ ഗരുഡൻ എന്ന സിനിമയുടെ വൻ വിജയത്തിന് പിന്നാലെ സംവിധായകൻ അരുൺ വർമ്മയക്ക് കാർ സമ്മാനമായി നൽകി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഇരുപത് ലക്ഷം വില വരുന്ന കിയാ സെൽട്ടോസാണ് സമ്മാനമായി നൽകിയിരിക്കുന്നത്.
അരുൺ വർമ്മ തന്നെയാണ് കാർ സമ്മാനം ലഭിച്ച വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. എന്റെ പ്രിയ സുഹൃത്തും നിർമ്മാതാവുമായ ലിസ്റ്റിൻ സ്റ്റീഫന് ഒരുപാട് നന്ദി. എനിക്ക് എന്റെ നന്ദി പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഒരു കാർ എന്നതിനപ്പുറം, ഇത് നിങ്ങളിൽ നിന്ന് ലഭിക്കുന്ന വിലമതിക്കാനാവുന്ന ഒരു അംഗീകാരമാണ്. എന്റെ സിനിമ കാണുകയും ഇതൊരു ബ്ലോക്ക്ബസ്റ്റർ ആക്കുകയും ചെയ്ത എല്ലാ പ്രേക്ഷകർക്കും ഗരുഡൻ എന്ന ചിത്രത്തിന്റെ മുഴുവൻ ടീമിനും നന്ദി പറയുന്നു. അരുൺ വർമ്മ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
നവംബർ 3നാണ് ഗരുഡൻ തീയേറ്ററുകളിൽ എത്തിയത്. സുരേഷ് ഗോപി – ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും വൻ പിന്തുണയാണ് ലഭിച്ചത്. ഗംഭീര പ്രകടനങ്ങൾ കൊണ്ടും, ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ കൊണ്ടും ഗരുഡൻ പ്രേക്ഷക പ്രീതി നേടി. അഞ്ചാംപാതിരയ്‌ക്ക് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കിയ ത്രില്ലർ ചിത്രം കൂടിയാണ് ഗരുഡൻ.
അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മാജിക് ഫ്രെയിമ്സിന്റെ ബാനറിൽ വൻ മുതൽ മുടക്കിലാണ് ഒരുക്കിയത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
View this post on Instagram















