ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ മൊബൈൽ ഫോണുകൾ ഉദ്പാദിപ്പിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ പറഞ്ഞിരുന്നു. ഈ വാദത്തെ പരിഹസിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെ വിഡ്ഢികളുടെ നേതാവെന്നായിരുന്നു അദ്ദേഹം പരിഹസിച്ചത്.
ഇന്ന് ഇന്ത്യ മൊബൈൽ നിർമ്മാണത്തൽ വൻ ഉയർച്ച കൈവരിച്ചെന്നും ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള മൊബൈൽ ഫോണുകളാണ് കയറ്റുമതി ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ നേട്ടങ്ങൾ കോൺഗ്രസിന്റെ നേതാക്കൾ അവഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങളുടെ മൊബൈൽ ഫോണിലെല്ലാം ‘മെയ്ഡ് ഇൻ ചൈന’ എന്നാണ് എഴുതിയിരിക്കുന്നത്. ‘മെയ്ഡ് ഇൻ മദ്ധ്യപ്രദേശ്’ എന്ന് കാണാൻ സാധിച്ചിട്ടുണ്ടോ എന്നായിരുന്നു രാഹുലിന്റെ പ്രസംഗം.
‘രാജ്യത്തെ ജനങ്ങൾ ചൈനയിൽ നിർമ്മിച്ച മൊബൈൽ ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസിലെ ബുദ്ധിമാനായ ഒരാൾ പറഞ്ഞു, വിഡ്ഢികളുടെ നേതാവേ, നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത്?. ഇന്ത്യയുടെ നേട്ടങ്ങൾ അവഗണിച്ചതിന്റെ മാനസികരോഗമാണ് കോൺഗ്രസ് നേതാക്കൾ അനുഭവിക്കുന്നത്. ഏത് വിദേശ കണ്ണടയാണ് ധരിച്ചിരിക്കുന്നത്.
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ, 20000 കോടി രൂപയിൽ താഴെയായിരുന്നു ഇന്ത്യയുടെ മൊബൈൽ ഫോണുകളുടെ നിർമ്മാണം. എന്നാൽ, ഇന്ന് ഇന്ത്യയുടെ മൊബൈൽ ഫോൺ വ്യവസായം 3.5 ലക്ഷം കോടി രൂപയായി വളർന്നു. ഒരു ലക്ഷം കോടി രൂപയുടെ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്നു.’ – പ്രധാനമന്ത്രി പറഞ്ഞു.