കഴിഞ്ഞ 20 വർഷത്തിനിടയിൽ ആഗോള താപനം അഞ്ച് മടങ്ങ് വർദ്ധിച്ചതായി കോപ്പൻ ഹേഗൻ യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ. ഗ്രീൻലാൻഡിലെ ഐസ് ഷീറ്റ് ഉരുകിയാൽ ഭൂമിയിലെ ജലത്തിന്റെ അളവ് 20 അടിയെങ്കിലും കൂടുമെന്നാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിൽ നേരിട്ട ഏറ്റവും വലിയ ഐസ് ഉരുകൽ ആണ് ഇപ്പോഴുള്ളതെന്ന് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസർ ആൻഡേഴ്സ് ആങ്കർ ജോർക്ക് പറഞ്ഞു.
കഴിഞ്ഞ 130 വർഷത്തിനിടയിലെ മാറ്റം മനസിലാക്കാൻ 2,00,000-ത്തോളം ചിത്രങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ഐസ് ഉരുകൽ ഇനിയും തുടർന്നാൽ വലിയ ദുരന്തത്തെ നാം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ജിയോളജിക്കൽ സർവേ ഡെൻമാർക്ക് സീനിയർ റിസർച്ചറായ വില്യം കോൾഗാൻ അഭിപ്രായപ്പെട്ടു.
നിലവിലെ നിരീക്ഷണപ്രകാരം 1.2 ഡിഗ്രി സെൽഷ്യസ് താപനില ആഗോളതലത്തിൽ വർദ്ധിച്ചിട്ടുണ്ട്. 1,25,000 വർഷങ്ങളിലെ ഏറ്റവും വലിയ താപനിലയിലൂടെയാണ് ലോകം കടന്നുപോകുന്നത്. താപനിലയിലുണ്ടാകുന്ന വർദ്ധനവ് കുറയ്‌ക്കണമെങ്കിൽ ഹരിതഗൃഹ വാതകങ്ങളുടെ ഉപഭോഗം കുറയ്‌ക്കേണ്ടതുണ്ട്. ഐസ് ഉരുകലിന്റെ ഭാഗമായി ലോകത്തെ പല ചെറിയ ദ്വീപുകളും വെള്ളത്തിനിടയിലാവുകയാണ്.















