ന്യൂഡൽഹി: ആഗോളതലത്തിലെ ഏറ്റവും വലിയ കായിക പുരസ്‌കാരങ്ങളുടെ അന്തിമ പട്ടികയിൽ ഇടംപിടിച്ച് നീരജ് ചോപ്ര. വേൾഡ് അത്ലറ്റ് ഓഫ് ദ ഇയറിന്റെ അന്തിമപ്പട്ടികയിലാണ് താരം ഇടംപിടിച്ചത്. 2020 ലെ ടോക്കിയോ ഒളിമ്പിക്‌സിലെ സ്വർണ മെഡൽ ജേതാവായ നീരജ് ജാവ്‌ലിൻ ത്രോയിലെ ലോകചാമ്പ്യൻ കൂടിയാണ്.
ഫൈനൽ റൗണ്ടിൽ അഞ്ച് താരങ്ങളാണ് ഉൾപ്പെട്ടിട്ടുളളത്. യുഎസ്സിന്റെ ഷോട്ട്പുട്ട് താരം റയാൻ ക്രൗസർ, സ്വീഡന്റെ പോൾ വോൾട്ട് താരം മോൻഡോ ഡുപ്ലാന്റിസ്, കെനിയയുടെ മാരത്തൺ ലോകചാമ്പ്യൻ കെൽവിൻ കിപ്റ്റം, യു.എസ്സിന്റെ അതിവേഗതാരം നോവ ലൈലെസ് എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് താരങ്ങൾ.
വേൾഡ് അത്ലറ്റ് ഓഫ് ദ ഇയർ ജേതാവിനെ ഡിസംബർ 11 ന് പ്രഖ്യാപിക്കും. വോട്ടിംഗിലൂടെയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. നിലവിൽ ഒരു ഇന്ത്യൻ താരവും ഈ നേട്ടത്തിന് അർഹനായിട്ടില്ല. നീരജ് പുരസ്‌കാരം നേടിയാൽ അത് ചരിത്രമാകും. ഇത്തവണയും പട്ടികയിലിടം പിടിച്ച സ്വീഡന്റെ മോൻഡോ ഡുപ്ലാന്റിസാണ് കഴിഞ്ഞ തവണ പുരസ്‌കാരം നേടിയത്.















