പാലക്കാട്: അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. നാലാംഗ സംഘത്തിൽ നിന്നും പിടികൂടിയത് 116 കിലോയിലധികം കഞ്ചാവ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ അൻവർ (33), ഷമീർ (36) അട്ടപ്പാടി സ്വദേശികളായ മുഹമ്മദ് ഹാഷിഫ് (21), ആദർശ് (19 ) എന്നിവരെ പിടികൂടി.
അന്യസംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ കഞ്ചാവ് കൊണ്ട് വന്ന് കേരളത്തിൽ വിറ്റഴിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ഇവർ കഞ്ചാവ് സൂക്ഷിച്ചു കടത്താൻ ഉപയോഗിച്ച വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 20 ലക്ഷത്തോളം വിലവരുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു. ഇവർക്ക് പിന്നിൽ വൻ ശ്രേണി പ്രവർത്തിക്കുന്നുണ്ടെന്നും തുടരന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.