മുംബൈ: സെമിക്ക് തൊട്ടുമുമ്പ് ഇതിഹാസങ്ങളുടെ കൂടികാഴ്ചയ്‌ക്ക് സാക്ഷ്യംവഹിച്ച് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം. ലോകകപ്പിലെ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ മത്സരത്തിന് മുമ്പായാണ് സച്ചിൻ തെണ്ടുൽക്കറും ഡേവിഡ് ബെക്കാമും കൂടിക്കാഴ്ച നടത്തിയത്. യൂണിസെഫ് ഗുഡ് വിൽ അംബാസിഡറായ താരം മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്. ബെക്കാം വാങ്കഡെ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരത്തിന് മുമ്പ് മാസ്റ്റർ ബ്ലാസ്റ്ററുമായി സമയം ചിലവഴിച്ചത്.
ടോസിന് മുമ്പ് സച്ചിനുമൊത്ത് ഫീൽഡിൽ എത്തിയ ബെക്കാം വിരാട് കോഹ്ലി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര ഉൾപ്പെടെയുളള താരങ്ങളുമായും സംസാരിച്ചു. ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ക്രിക്കറ്റിലൂടെ സ്ത്രീകളെയും കുട്ടികളെയും ശക്തീകരിക്കുന്നതിനുള്ള അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പദ്ധതിയിൽ യൂണിസെഫും പങ്കാളിയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർക്കൊപ്പം വി.വി.ഐ.പി ഗാലറിയിലിരുന്നാണ് ബെക്കാം കളി കാണുന്നത്. മുൻ താരങ്ങളും സെലിബ്രിറ്റികളും ഉൾപ്പെടെ നിരവധി പ്രമുഖരാണ് ഗാലറിയിൽ ഉള്ളത്.