പാലക്കാട്: സ്വകാര്യബസ് ഡ്രൈവർമാരുടെ അനാസ്ഥകൾ വർദ്ധിക്കുന്നു. ബസിറങ്ങുന്നതിന് മുമ്പ് വാഹനമെടുക്കവെ റോഡിൽ വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. ചങ്ങലീരി സ്വദേശി മർജാനയ്ക്കാണ് ബസിൽ നിന്ന് വീണ് പരിക്കേറ്റത്. ഇന്ന് രാവിലെ തെങ്കര ഗവ. ഹയർസെക്കൻഡറി സ്കൂളിന് മുന്നിലാണ് അപകടമുണ്ടായത്.
ബസ് ഇറങ്ങുന്നതിന് മുമ്പ് ഡ്രൈവർ ബസെടുത്തതാണ് അപകടത്തിന് കാരണമെന്ന് വിദ്യാർത്ഥിനി പറഞ്ഞു. ബസിറങ്ങുന്നതിന് മുമ്പ് ഡ്രൈവർ വാഹനമെടുത്തതോടെ മർജാന റോഡരികിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ മർജാനയെ മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കൈകൾക്കും കാലിനും മുറിവും ചതവുകളും പറ്റിയിട്ടുണ്ട്.
ബസ് നിർത്താൻ മറ്റ് കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ പോയെന്ന് മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു. കുട്ടികൾ ഇറങ്ങുന്നതിന് മുമ്പ് ഡ്രൈവർ ബസെടുക്കുന്നത് സ്ഥിരം പതിവാണെന്ന് വിദ്യാർത്ഥികൾപറഞ്ഞു.