എറണാകുളം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മാതാപിതാക്കളെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ മുനീറിനെതിരെ പോലീസ് കേസെടുത്തു. വിശ്വാസ ലംഘനം, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും മുനീറിന്റെ ഭാര്യയുമായ ഹസീനയെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് 1,20,000 രൂപയാണ് മുനീർ തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഹസീനയ്‌ക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹസീനയെ സസ്‌പെൻഡ് ചെയ്തത്.
കൊലപാതകം നടന്ന തൊട്ടടുത്ത ദിവസം മുതൽ കേസിന്റെ ആവശ്യത്തിനായി പണമെടുത്ത് തരാമെന്ന് പറഞ്ഞാണ് കുട്ടിയുടെ പിതാവിന്റെ എടിഎം കൈക്കലാക്കിയത്. ആഗസ്റ്റ് 15 മുതലുള്ള ദിവസങ്ങളിൽ മുനീറിന്റെ കൈവശമായിരുന്നു എടിഎം കാർഡ് ഉണ്ടായിരുന്നത്. തുടർന്ന് അക്കൗണ്ടിൽ നിന്നും 1,20,000 രൂപ മുനീർ തട്ടിയെടുക്കുകയായിരുന്നു. പല തവണ ചോദിച്ചിട്ടും തിരികെ തരാതിരുന്നതോടെയാണ് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്.















