ജാജ്പൂരിന്റെ നഗര കേന്ദ്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സ്ഥാപിച്ചിരിക്കുന്ന ഫലകങ്ങളിൽ ‘ ഒറീസ്സയുടെ പ്രാചീന തലസ്ഥാനം ” എന്നു കൂടി എഴുതിയിരിക്കുന്നു. സോമവംശികളായ കേസരികൾ നാലു ശതകത്തോളം കാലം പ്രതാപമാളിയിരുന്ന ഭൂമികയുടെ തലസ്ഥാന പദവിയുണ്ടായിരുന്ന ജാജ്പൂർ. കേസരി രാജവംശത്തിൽ പ്രധാനിയായിരുന്ന യയാതി മഹാശിവഗുപ്തന്റെ കാലത്തു ‘അഭിനവ യയാതി നഗരം’ എന്നറിയപ്പെട്ടിരുന്ന നഗരം പിന്നീട് യയാതിപുരവും കാലാന്തരത്തിൽ ജാജ്പൂരും ആയെന്നതാണ് ഒരു പക്ഷം. 12ആം നൂറ്റാണ്ടിൽ ഗജപതി സാമ്രാജ്യത്തിന്റെ അധിനിവേശത്തിൽ അസ്തമിച്ചുപോയ കേസരി വംശം ജാജ്പൂരിലെ ഒരു കാലഘട്ടത്തിന്റെ ചരിത്രം മാത്രമാണ്. അതിനു മുൻപും ശേഷവും ഭാരതത്തിന്റെ മതപരവും സാംസ്‌കാരിക പരവുമായ ചരിത്രങ്ങളിൽ ഈ നഗരം അടയാളപ്പെട്ടിട്ടുണ്ട്. താന്ത്രിക പാരമ്പര്യത്തിന്റെ ചരിത്രപഥങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, ആ ശാഖയ്‌ക്ക് ഒരു ഉർവ്വരഭൂമിയായിരുന്നു ഇവിടമെന്നു കാണാം. സ്‌കന്ദ പുരാണമടക്കമുള്ള ഗ്രന്ഥങ്ങളിൽ ‘ വിരജാ ക്ഷേത്രം ‘ എന്ന് ഇവിടം പ്രകീർത്തിക്കപ്പെട്ടിരിക്കുന്നതിൽ നിന്നും, പഞ്ചാശത് പീഠങ്ങളിൽ ഒന്നും ആദി ശങ്കരൻ ക്രമപ്പെടുത്തിയെന്ന് കരുതുന്ന അഷ്ടാദശ പീഠങ്ങളിൽ ഒറീസ്സയിലെ ഏക ശക്തിപീഠവുമായ ജാജ്പൂരിലെ ബിരജാ ക്ഷേത്രത്തിനു പൗരാണികകാലത്തുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാണ്. ബ്രഹ്മയാമള തന്ത്രത്തിലെ ആദ്യ സ്തോത്രത്തിലും ‘വിരജാ ഔഡ്രദേശേ ‘ എന്ന് പ്രതിപാദ്യമുണ്ട്. ശാക്തേയ മതങ്ങൾക്ക് പ്രാധാന്യമുണ്ടായിരുന്ന കാലത്തു തന്നെ ബൗദ്ധ മതത്തിനും ഇവിടെ പ്രചാരമേറിവന്നു. പാശുപതം, മട്ടമയൂരം തുടങ്ങിയ ശൈവമത ശാഖകൾക്ക് ഇവിടെ വേരുകളുണ്ടായിരുന്നെങ്കിലും കേസരിവംശത്തിന്റെ ഭരണകാലത്താണ് ആ മതങ്ങൾ കൂടുതൽ പരിപോഷിപ്പിക്കപ്പെടുന്നത്. ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രമടക്കമുള്ള അനേകം ശിവാലയങ്ങൾ പുനർനിർമ്മിക്കപ്പെടുന്നതും കേസരി വംശത്തിന്റെ സുവർണ കാലഘട്ടത്തിൽ തന്നെ. ‘മഹാ ശിവഗുപ്തർ ‘ എന്ന സ്ഥാനപ്പേർ സ്വീകരിച്ചിരുന്ന കേസരികൾ ശൈവമതാവലംബികൾ ആയിരുന്നെങ്കിലും ജൈനമത പ്രചാരത്തിനും ദേശത്തു പ്രാധാന്യം നൽകി, ബൗദ്ധം ഇവിടെ ശോഷിക്കുകയും ചെയ്തു. പത്താം നൂറ്റാണ്ടിന് ശേഷം വൈദിക മതത്തിനു തങ്ങളുടെ ദേശത്തു അമിത പ്രാധാന്യം നൽകുന്നതിനാണ് അവർ പരിശ്രമിച്ചിരുന്നത്. അതിനായി അന്യ ദേശത്തുള്ള വൈദികരെ സർവ്വാദരവോടെയും കൊണ്ടുവന്നു യയാതി നഗരത്തിൽ പാർപ്പിച്ചു. വൈതരണീ നദിയുടെ പുളിനങ്ങൾ യജ്ഞ വേദികളായി. യജ്ഞങ്ങൾ നടന്ന പുരമാണ് പിൽക്കാലത്തു ജാജ്പൂരായത് എന്നൊരു പക്ഷം കൂടി ദേശനാമ ചരിത്രത്തിലുണ്ട്.
ഭുവനേശ്വറിൽ നിന്ന് കൊൽക്കട്ടയിലേക്കുള്ള പാതയിൽ ഏകദേശം 125 കിലോമീറ്റർ ദൂരെയാണ് ജാജ്പൂരെന്ന ഈ ചരിത്രനഗരം. കട്ടക്കിൽ നിന്നും രണ്ടു മണിക്കൂറിലേറെയുണ്ടായിരുന്ന ബസ് യാത്രയ്‌ക്കൊടുവിൽ ഇവിടെയെത്തുമ്പോൾ,കുങ്കുമഗുരുതി കഴിഞ്ഞു ഓട്ടുരുളി കമഴ്‌ത്തിയതുപോലെ ചെമ്മാനത്തു അമ്പിളി തെളിഞ്ഞു തുടങ്ങി. ഇടത്താവളമായി ജാജ്പൂർ തെരെഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതിൽ ഒന്ന് വിരജ ക്ഷേത്രം സന്ദർശിക്കണമെന്ന ആഗ്രഹമായിരുന്നു . അടുത്ത പ്രഭാതത്തിൽ തന്നെ നഗര പ്രദക്ഷിണമാരംഭിച്ചു. പോയകാലത്തിന്റെ സമൃദ്ധിയുടെ അടയാളപ്പെടുത്തലായി ചുരുക്കം ചില സ്മാരകങ്ങൾ ഉണ്ടെന്നതല്ലാതെ ആധുനിക നാഗരികതയുടെ സ്വഭാവങ്ങൾ പരിഗണിച്ചാൽ ശരാശരിയിലും താഴെയുള്ള ഒരു ഒഡിയാ നഗരം. നഗര പരിധിയ്‌ക്കുള്ളിലാണെങ്കിലും ബിരജാ ക്ഷേത്രത്തിലേക്കുള്ള പാതയിൽ താരതമ്യേന തിരക്ക് കുറവായിരുന്നു. ഇഹ ജീവിതത്തിന്റെ നന്മതിന്മകൾ മരണാനന്തരം ഗണിച്ചും ഗുണിച്ചും തുലനം ചെയ്യപ്പെടുന്നത് വൈതരണീ നദിയിലൂടെയുള്ള യാത്രയിലാണെന്നു ഭാരതത്തിലെ പല മത ശാഖകളിലും സങ്കൽപ്പിക്കപ്പെടുന്നുണ്ട്. കടക്കാൻ ദുർഘടമായ ഒരു നദിയല്ല ജാജ്പൂരിലെ വൈതരണി. ഉത്ക്കല ഭൂമിയിലെ വൈദിക സംസ്കാര സംസ്ഥാപനത്തിന്റെ ചരിത്ര സ്മരണകൾ നിലനിർത്തിക്കൊണ്ട് ജാജ്പൂരിനു ചാർത്തിയൊരു യജ്ഞോപവീതം പോലെയാണ് ഇവിടെ വൈതരണി . ഈ നദിക്കരയിൽ ബ്രഹ്മാവ് യജ്‌ഞം നടത്തിയെന്നൊരു ഐതീഹ്യം ബ്രഹ്‌മാണ്ഡ പുരാണത്തിലുണ്ട്. ഐതീഹ്യത്തെ ഓർമ്മപ്പെടുത്തുന്ന ‘ ബ്രഹ്മ കുണ്ഡ് ‘ എന്ന് വിളിക്കുന്ന കുളത്തിന് സമീപമാണ് ഞാൻ ബസിറങ്ങിയത്. കാലപ്പഴക്കത്തെ അടയാളപ്പെടുത്തുന്നുണ്ട് കുളവും കുളപ്പുരയും. ബ്രഹ്മകുണ്ഡിന് സമീപത്തെ റോഡിന്റെ മറുവശത്തു ക്ഷേത്രത്തിന്റെ പ്രധാന സംരക്ഷണ മതിൽ പ്രൗഡിയോടെ നിലകൊള്ളുന്നു. മതിലിനെ ചുറ്റികൊണ്ട് നാലുപാടും പാതകളുണ്ടെങ്കിലും കിഴക്ക് ദിക്കിലാണ് പ്രവേശന കവാടം. കേസരി സാമ്രാജ്യത്തിലെ യയാതി മഹാ ശിവഗുപ്തയുടെ മേൽനോട്ടത്തിൽ 13ആം നൂറ്റാണ്ടിൽ പുനർനിർമ്മിച്ച ക്ഷേത്രമാണ് കാലത്തിന്റെ കുത്തൊഴുക്കിൽ സാരമായ കേടുപാടുകളില്ലാതെ ഇപ്പോഴുമിവിടെ നിലകൊള്ളുന്നത്. കലിംഗ വാസ്തു ശൈലിയിലുള്ള ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിനിരുപാർശ്വങ്ങളിലായി മദയാനയുടെ മസ്തകത്തിൽ ആസനമുറപ്പിച്ചു ആക്രോശിക്കുന്ന സിംഹരൂപങ്ങളുണ്ട്. ശക്തിപീഠങ്ങളിൽ സിംഹരൂപങ്ങൾ സാധാരണകാഴ്ചയെങ്കിലും ആനപ്പുറത്തേറി വിജയഭേരി മുഴക്കുന്ന ഈ സിംഹരൂപങ്ങൾക്ക് പിന്നിൽ കേസരിവംശ ഭരണാധികാരികളുടെ തോൽവി സമ്മതിക്കാൻ മടിയുള്ള മനസ്സിന്റെ പ്രതിഫലനമുണ്ട്. ആക്രോശിക്കുന്ന സിംഹം കേസരി വംശത്തെയും കീഴ്പ്പെട്ടു നിൽക്കുന്ന ആനകൾ ഗജപതിവംശത്തെയും പ്രതിനിധീകരിക്കുന്നു, ഗജപതികൾക്ക് കേസരികൾ കീഴ്പ്പെട്ടതാണ് ചരിത്രമെങ്കിലും.
മതിൽക്കകത്തു വളരെ ശാന്തമായ അന്തരീക്ഷം. ആദ്യമേ തന്നെ ഗർഭ ഗൃഹത്തിനടുത്തേയ്‌ക്കു ചെന്നു ദേവീ ദർശനം നടത്താൻ തീരുമാനിച്ചത് ആ നേരം കാര്യമായ തിരക്കില്ലാതിരുന്നതുകൊണ്ടാണ്. ഗർഭ ഗൃഹത്തിനോട് ചേർന്നുള്ള നിർമ്മിതിയായ പീഠ ദേവൂലയ്‌ക്ക് ( കലിംഗ വാസ്തു ശൈലിയിൽ മുൻപിലുള്ള മണ്ഡപം ) സമീപം വലതു വശത്തായി ‘ നാഭി ഗയ ‘ എന്നൊരു സ്ഥാനം ഇവിടെ പ്രധാനപെട്ടൊരിടമാണ്. ‘ ഗയാ ക്ഷേത്രങ്ങൾ ‘ പിണ്ഡോദക ക്രിയകൾ ചെയ്യുന്നതിന് ശ്രേഷ്ഠമായ സ്ഥാനങ്ങളെന്നു ഭാരതീയർ പണ്ട് മുതലേ വിശ്വസിച്ചു പോരുന്നു. അങ്ങനെയുള്ള മൂന്ന് ഗയകളിൽ ഒന്നാണീ ശക്തിപീഠം. മഹാവിഷ്ണുവിനാൽ മോക്ഷമടഞ്ഞ ഗയാസുരന്റെ ഉടൽ മുറിഞ്ഞു വേർപെട്ടു പതിച്ച മൂന്നു സ്ഥാനങ്ങളായി കണക്കാക്കി ശിരോ ഗയ, നാഭി ഗയ, പാദ ഗയ എന്നിങ്ങനെ മൂന്നു ഗയകളെ പിതൃപൂജയ്‌ക്ക് ഉത്തമസ്ഥാനങ്ങളായി ക്രമപ്പെടുത്തിയിരിക്കുന്നു. ശിരോ ഗയ ബീഹാറിലുള്ള വിഷ്ണുപാദ ക്ഷേത്രവും പാദ ഗയ ആന്ധ്രാപ്രദേശിലുള്ള പീഠപുരവും നാഭി ഗയ ഈ ശക്തിപീഠവുമാണ്. ഇവിടെ നാഭിഗയയ്‌ക്ക് ഒരു സാധാരണ കിണറിന്റെ വായ് വട്ടമുണ്ട്. ഉള്ളിലേക്ക് വളഞ്ഞു പോകുന്ന ഒരു തുരംഗമായിട്ടാണ് ഇതിരിക്കുന്നതു. ക്ഷേത്രത്തിനുള്ളിൽ തന്നെ പിതൃപൂജ ചെയ്ത് പിണ്ഡം ഈ കൂപത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യാറ്. കാണുമ്പോൾ അതിന്റെ മുകൾ ഭാഗം വരേയും പൂജാവസ്തുക്കളും പിണ്ഡവും കൊണ്ട് നിറഞ്ഞിരുന്നു.
ഗർഭഗൃഹത്തിൽ സർവ്വാലങ്കാരങ്ങളോടെയുള്ള വിരജാ രൂപം. കാൽക്കൽ പതിച്ച മഹിഷരൂപത്തിന് മേൽ ഇടതുകാൽ ഊന്നി കൊണ്ട് ഇടതു കരത്താൽ മഹിഷ പുച്ഛം പിടിച്ചും,വലതു കയ്യിലെ ശൂലത്താൽ മഹിഷ ഹൃദയം പിളർത്തി നിൽക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. മഹിഷാസുര മർദ്ദിനിയുടെ സാധാരണ കാണാറുള്ള രൂപങ്ങളിൽ നിന്ന് വളരെ വ്യത്യാസങ്ങൾ ഇവിടത്തെ പ്രതിഷ്ഠയിൽ കാണാനുണ്ട്. അതിൽ ഒന്ന് കിരീടം തന്നെയാണ്. കിരീടത്തിന്റെ യോനീ വടിവിലുള്ള മുഖപ്പിൽ ഒരമ്പിളിക്കീറും അതിനു മുകളിൽ ഒരു ഗണേശ രൂപവും ഒത്ത മുകളിൽ ഒരു ശിവലിംഗവും അതിനു കുടയായിട്ടു പന്നഗരാജനും. കലിംഗ ശൈലിയിലുള്ള പ്രാചീന ക്ഷേത്രമെങ്കിലും ഗർഭ ഗൃഹത്തിന്റെ ചുമരുകളിൽ കാര്യമായ അലങ്കാര പണികളൊന്നും കാണാനില്ല. ദർശനം കഴിഞ്ഞ് പുറത്തിറങ്ങി.
ഖണ്ഡിക്കപ്പെട്ട സതീദേഹത്തിൽ നിന്നും ‘ നാഭി ‘ പതിച്ച സ്ഥാനമാണ് ഈ ശക്തിപീഠം എന്നതാണ് വിശ്വാസം. അഞ്ചാം നൂറ്റാണ്ടു മുതൽ ക്ഷേത്രം വിഖ്യാതമായിരുന്നു എന്നുള്ള ചരിത്ര രേഖകളുണ്ട്. ബ്രഹ്‌മാണ്ഡ പുരാണത്തിലെ പരാമർശങ്ങളിൽ, വൈതരണീ പുളിനത്തിൽ ബ്രഹ്മാവ് നടത്തിയ യജ്ഞത്തിൽ നിന്നത്രേ വിരജാദേവി അവതാരം ചെയ്യുന്നത്. അഗ്നികുണ്ഡത്തിൽ നിന്ന് ശ്രീപാർവതി വിരജാദേവിയായി അവതാരം ചെയ്യുമ്പോൾ ഒപ്പം രുദ്രനും വരാഹ രൂപത്തിൽ വിഷ്ണുവും പ്രത്യക്ഷമായെന്നും ലോകഹിതാർത്ഥം മൂവരും വൈതരണീ തടത്തിൽ നിലകൊണ്ട് എന്നുമാണ് ഒരു ഐതീഹ്യം. വൈദികമതം ഇവിടെ ശക്തിപ്രാപിക്കുമ്പോൾ അതിനു മുൻപേ വേരുണ്ടായിരുന്ന താന്ത്രിക വിദ്യകളോട് സമരസപ്പെടുന്ന കാലത്താകണം ഈ ഐതീഹ്യത്തിന്റെ ഉദയം. ലളിതാത്രിപുര സുന്ദരിയുടെ സഹസ്ര നാമങ്ങളിൽ ഒന്നായ ‘ വിരജ’ നാമത്തിന് ഭാഷ്യങ്ങളിൽ ഓഡ്യാണ പീഠത്തിലെ ദേവത എന്നു കൂടി കാണുന്നു. ശക്തിപീഠങ്ങളിൽ ഓഡ്യാണ പീഠമായിട്ടാണ് ബിരജാ ക്ഷേത്രം അറിയപ്പെടുന്നത്. ദേവിയോടൊപ്പം അറുപത്തിനാല് യോഗിനിമാരും നവദുർഗ്ഗകളും, അഷ്ട ചണ്ഡികളും ഇവിടെ സാന്നിധ്യമാകുന്നു എന്ന വിശ്വാസങ്ങൾ വിലയിരുത്തുമ്പോൾ തന്ത്രമാർഗ്ഗത്തിന്റെ പല ശാഖകൾക്കും ഇവിടെ പച്ചപന്തലൊരുക്കിയിരുന്നു എന്ന് തിരിച്ചറിയാം.
മുഖ്യ ദേവാലയത്തിന് വെളിയിൽ തെക്കുപടിഞ്ഞാറു കോണിൽ ബഗളാമുഖിക്കു ഒരാലയമുണ്ട്. ഉപദേവതാലയങ്ങളിൽ ഇതിനു വളരെ പ്രാധാന്യം കൽപ്പിക്കപ്പെട്ടിരിക്കുന്നു.ചതൃ ഭൈരവൻ എന്നപേരിൽ ഭൈരവ മൂർത്തിയും ഈ ശക്തിപീഠത്തിൽ സാന്നിധ്യമറിയിക്കുന്നു. ഒരു കോടി ശിവലിംഗങ്ങൾ ജാജ്പൂരിൽ പൂജിക്കപ്പെട്ടിട്ടുണ്ട് എന്നൊരു വിശ്വാസം ഇവിടെ നിലനിൽക്കുന്നു. പരിസര പ്രദേശങ്ങളിൽ നിന്ന് വീണ്ടു കിട്ടിയ ശിവലിംഗങ്ങളും അല്ലാത്തവയും ക്ഷേത്ര മതിലിനകത്തു പ്രത്യേകം പണിതീർത്ത മണ്ഡപത്തിൽ പൂജ ചെയ്യുന്നു. ലിംഗാകൃതിയിലുള്ള ഒറ്റ ശിലയിൽ ആയിരം ചെറിയ ശിവലിംഗങ്ങൾ കൊത്തിയെടുത്തിട്ടുള്ള ശിലാരൂപത്തെ സഹസ്രലിംഗ രൂപം എന്നാണ് പറയാറ്. അത്തരം പ്രതിഷ്ഠകളും ഇക്കൂട്ടത്തിലുണ്ട്. ഇതിനു പുറമേ വൈദ്യനാഥ ഭാവത്തിലുള്ള ശിവന് പ്രത്യേക ആലയവുമുണ്ട്. ഏകപാദ ഭൈരവിയുടെ പ്രതിഷ്ഠയും ഉപദേവതമാരുടെ കൂട്ടത്തിൽ കാണുന്നു.
ക്ഷേത്രത്തിനോട് അനുബന്ധിച്ചു തന്നെ ഒരു മ്യൂസിയം പണികഴിപ്പിച്ചിരിക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളുടെ വിവരങ്ങളും ചരിത്രപരമായ രേഖകളും ഇവിടേ സൂക്ഷിച്ചിട്ടുണ്ട്.
എഴുതിയത് രവിശങ്കർ