കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസ് അന്വേഷിച്ച സംഘത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ഗുഡ് വിൽ സർട്ടിഫിക്കറ്റ്. 48 പേർക്കാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതിൽ ആലുവ ഡി.വൈ.എസ്.പിയും രണ്ട് ഇൻസ്‌പെക്ടർമാരും ഉൾപ്പെടുന്നു. നേരത്തെ കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിച്ചതിനും നൂറ് ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് തൂക്കുകയർ വിധിക്കുകയും ചെയ്തതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രശംസ ലഭിച്ചിരുന്നു.
അതേസമയം പ്രതി അസഫാക്ക് ആലത്തിന് തൂക്കുകയറിനൊപ്പം അഞ്ച് ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. പ്രതി ചെയ്ത കുറ്റം അത്യപൂർവമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന നാല് കുറ്റങ്ങൾ പ്രോസിക്യൂഷൻ തെളിയിച്ചിരുന്നു. ഗുരുതര സ്വഭാവമുള്ള മൂന്ന് പോക്‌സോ കുറ്റങ്ങളടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവ് നശിപ്പിക്കൽ തുടങ്ങിയ 13 കുറ്റങ്ങളും കോടതി ശരിവെച്ചിരുന്നു.
ഈ കഴിഞ്ഞ ജൂലൈ 28-നാണ് ആലുവയിൽ അഞ്ച് വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒക്ടോബർ നാലിന് കേസിൽ വിചാരണ ആരംഭിച്ചു. ബീഹാർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.