മലപ്പുറം: പയ്യന്നൂർ നഗരത്തിൽ വീണ്ടും മോഷണം. പഴയ ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം. മൊബൈൽ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഫോണുകളും പണവും കവർന്നു. 60,000 രൂപയും 25 ഫോണുകളുമാണ് ഷോപ്പിൽ നിന്ന് നഷ്ടമായതെന്ന് ഉടമ പറയുന്നു.
പഴയ ബസ് സ്റ്റാന്റിന്് സമീപം സംസം മെഡിക്കൽസിനടുത്ത് പ്രവർത്തിക്കുന്ന പി. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ സോൺ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. തൊട്ടടുത്ത ദിവസം രാവിലെ കടയുടെ ഷട്ടറുകൾ തുറന്ന് കിടക്കുന്നത് കണ്ട് വ്യാപാരികൾ ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
ഷോപ്പിനുള്ളിൽ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. സമീപമുണ്ടായിരുന്ന കണ്ണടക്കടയുടെ സിസിടിവി ക്യാമറ തിരിച്ചു വച്ച ശേഷമായിരുന്നു മോഷണം. കെട്ടിടത്തിന്റെ മുകളിൽ നിന്നും കയ്യുറയും സംഭവസ്ഥലത്ത് നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന മാസ്‌കും കണ്ടെത്തിയിട്ടുണ്ട്.