തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബർ 23-വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കന്യാകുമാരിക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്ക് കിഴക്കൻ കാറ്റിന്റെ ഭാഗമായാണ് അടുത്ത് അഞ്ച് ദിവസവും മഴ പെയ്യുക.
നവംബർ 22-23 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 21-നും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22-ന് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.