ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. കവുങ്ങിൻ തടിയിൽ വാഴക്കച്ചി, തെങ്ങോല, പടക്കം, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് കാർത്തിക സ്തംഭം ഉണ്ടാക്കിയത്.
കൊട്ടും കുരവയും വാദ്യഘോഷത്തിന്റേയും അകമ്പടിയിലാണ് കവുങ്ങിൻ തടി ക്ഷേത്രത്തിൽ എത്തിച്ചത്. പൊങ്കാല ദിനമായ 27-ന് വൈകുന്നേരം 6.30-ന് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദബോസ് സ്തംഭം അഗ്നിക്ക് ഇരയാക്കും. നാട്ടിലെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ഇതോടെ എല്ലാ പാപങ്ങളിൽ നിന്ന് ചക്കുളത്തമ്മ നാടിനെ കാത്തുരക്ഷിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
‘സ്ത്രീകളുടെ ശബരിമല’ എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ്. വനദുർഗാ സങ്കൽപത്തിൽ എട്ടുകരങ്ങളോട് കൂടിയ ഭഗവതി ചക്കുളത്തമ്മ എന്നാണ് അറിയപ്പെടുന്നത്. അമ്മക്ക് ഭക്തർ സർവവും അർപ്പിക്കുന്ന ദിനമാണ് വൃശ്ചികത്തിലെ തൃക്കാർത്തിക. അന്നേ ദിനം ഭക്തർ ദേവിക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കുന്ന ചടങ്ങാണ് കാർത്തിക പൊങ്കാല എന്നറിയപ്പെടുന്ന ചക്കുളത്തുകാവ് പൊങ്കാല. അന്നപൂർണേശ്വരിയായ ഭഗവതിക്ക് മുന്നിൽ കാര്യസിദ്ധിക്കായി സ്ത്രീകൾ മാത്രം സമർപ്പിക്കുന്ന ചടങ്ങെന്ന് പ്രത്യേകതയുമുണ്ട്.