മറ്റുഭാഷകളിൽ നിന്ന് മലയാളത്തിൽ എത്തുന്ന താരങ്ങൾ അഭിമുഖങ്ങളിലും മറ്റും മുറി മലയാളം പറഞ്ഞ് പിടിച്ചു നിൽക്കുന്നത് നമ്മൾ കാണാറുള്ളതാണ്. എന്നാൽ മലയാള സിനിമയിൽ അഭിനയിച്ച ശേഷം മലയാളം പഠിക്കാൻ തീരുമാനിച്ച ഒരു സിനിമാതാരത്തെ കുറിച്ച് അറിയാമോ? വേല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പുതുമുഖ താരമായ നമൃതയാണ് മലയാളം എഴുതാനും വായിക്കാനും പഠിച്ചിരിക്കുന്നത്.
മറുനാടൻ മലയാളികളെ മാതൃഭാഷ പഠിപ്പിക്കുന്ന കേരള സർക്കാരിന്റെ മലയാളം മിഷൻ ക്ലാസിൽ ചേർന്നാണ് തമിഴ്നാട്ടുകാരിയായ നമൃത മലയാളം പഠിച്ചത്. ഞായറാഴ്ച ചെന്നൈയിൽ മലയാളം മിഷൻ പരീക്ഷ എഴുതിയ നമൃത ആത്മവിശ്വാസത്തോടെയാണ് ഫല പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നതെന്നും താരം പറയുന്നു.
പോയവാരം തിയറ്ററിൽ എത്തിയ വേല എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് നമൃത കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷം മലയാളത്തോടുള്ള ഇഷ്ടം കൊണ്ട് ഭാഷാപഠനത്തിലും ഹരിശ്രീ കുറിക്കാൻ തീരുമാനിക്കുകയായിരുന്നു. തമിഴും മലയാളവും തമ്മിൽ സാമ്യമുള്ളതിനാൽ പഠനം അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. അതുകൊണ്ട് തന്നെ മലയാളം വേഗത്തിൽ മനസ്സിലാക്കാൻ സാധിച്ചു. പഠിക്കാനായി ചേർന്ന് ഒരു വർഷം പൂർത്തിയാകും മുന്നെ നന്നായി മലയാളം എഴുതാനും വായിക്കാനും പഠിച്ചെന്നും താരം കൂട്ടിച്ചേർത്തു.
മലയാളം മിഷനിലെ ആദ്യ കോഴ്സായ കണിക്കൊന്നയുടെ പരീക്ഷയാണ് താരം ഇപ്പോൾ എഴുതിയത്. ചെന്നൈയിൽ മലയാളി സുഹൃത്തുക്കൾ ഉള്ളതിനാൽ ഭാഷ മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല.’വേല’യിലെ കഥാപാത്രം തമിഴ്നാട് സ്വദേശിനിയായിരുന്നതിനാൽ കുറച്ചുമാത്രം മലയാളം പറഞ്ഞാൽ മതിയായിരുന്നു. മലയാളം സംസാരിച്ചു ശരിയാക്കാമെങ്കിലും അതിൽമാത്രം ഒതുക്കാതെ വായിക്കാനും എഴുതാനും കൂടി പഠിക്കണമെന്ന ആഗ്രഹം മലയാളപഠനത്തിലേയ്‌ക്ക് വഴിതുറന്നു.
നിരവധി തമിഴ് വെബ് സീരീസുകളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ താരമായിരുന്നു നമൃത.















