ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ഭഷ്യ വിഷബാധ. കായംകുളത്ത് ഹോട്ടലിൽ നിന്ന് ഷവായി കഴിച്ച 20 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കായംകുളം താലൂക്ക് ആശുപത്രിയിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആളുകൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടൽ പൂട്ടിച്ചു.
ഇന്നലെ ഉച്ചയോടെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായവർ ആശുപത്രിയിൽ എത്താൻ തുടങ്ങി. നിരവധിപ്പേർ സമാനമായ ആരോഗ്യ പ്രശ്‌നങ്ങളുമായി എത്തിയതോടെയാണ് ഭക്ഷ്യ വിഷബാധയാണെന്ന സംശയം ഉയർന്നുവന്നത്. പിന്നാലെ നിരവധിപ്പേർ സമാനമായ ആരോഗ്യ പ്രശ്‌നങ്ങളുമായി എത്തിയതോടെ പ്രശ്‌നം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പരിശോധന നടക്കുകയാണെന്നും അന്വേഷണസംഘം അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം എറണാകുളത്ത് ആർടിഒയ്‌ക്കും മകനും ഭക്ഷ്യവിഷബാധയേറ്റിരുന്നു. കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആർടിഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടലിൽ തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. തുടർന്ന് ഹോട്ടൽ അടപ്പിച്ചു. 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.