സ്വാതന്ത്ര്യത്തിനു ശേഷവും ഭാരതത്തിൽ തുടർന്നുകൊണ്ടിരുന്ന സാമ്പത്തിക സാമ്രാജ്യത്വത്തിനെതിരെ 1991 നവംബർ 22 ന് ശ്രീ ദത്തോപന്ത് ഠേഗ്ഡിജിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടനയാണ് സ്വദേശി ജാഗരൺ മഞ്ച് (എസ്‌ജെഎം). ഭാരതീയരുടെ സാമ്പത്തികമായ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക വ്യവസായങ്ങളെ ശക്തിപ്പെടുത്തുക, രാജ്യത്തെ വികേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുക എന്നിവയാണ് ഇതിന്റെ പ്രധാന കർമ്മപരിപാടി.
സാമൂഹിക ഉന്നമനത്തിന് വേണ്ടി സ്വദേശീ ഉൽപന്നങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾക്ക് പ്രേരണ നൽകുക വഴി നാട്ടിലെ തൊഴിലവസരങ്ങളെയും, പരമ്പരാഗത സാമ്പത്തിക മൂല്യങ്ങളെയും സംരക്ഷിക്കാൻ നിരന്തര പരിശ്രമം നടത്തുന്ന സംഘടനയാണിത്. സ്വദേശീ ഉൽപന്നങ്ങൾ ഉപയോഗിക്കാനായി ഇത് നടത്തുന്ന ബോധവൽക്കരണ ശ്രമങ്ങൾ ദേശീയതലത്തിൽ ശ്രദ്ധേയമായ ഒരു കാൽവെയ്പായിരുന്നു.
ഭാരതീയ സമ്പദ്‌വ്യവസ്ഥ, വ്യാപാരം, വാണിജ്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വദേശി ജാഗരൺ മഞ്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം ഭാരതീയ വിപണിയിൽ വിദേശ ഉൽപന്നങ്ങളുടെ സ്വാധീനത്തെ ചെറുക്കുകയും തദ്ദേശീയ ഉൽപന്നങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുന്നു. വിദേശ- ബഹുരാഷ്‌ട്ര കുത്തക ഉൽപന്നങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് പഠനം നടത്തി അതിനെതിരെയുള്ള വിവിധങ്ങളായ പോരാട്ടങ്ങളിലാണ് സ്വദേശി ജാഗരൺ മഞ്ച്.
സ്വദേശി ജാഗരൺ മഞ്ച് കേന്ദ്രീകരിക്കുന്ന ഏതാനും മേഖലകൾ ഇവയാണ്;
1 വിദേശ ഉൽപന്നങ്ങളുടെ കടന്നുകയറ്റത്തിനെതിരായ ബോധവൽക്കരണം
2 പ്രാദേശിക വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കും ഭീഷണി ഉയർത്തുന്ന വിദേശകുത്തകകളുടെ പരസ്യ പ്രചരണൾക്കെതിരെ ശക്തമായ പ്രതിരോധം.
3. ആഗോളവൽക്കരണത്തിന്റെ ആഘാതത്തെക്കുറിച്ചും അതിലൂടെ ഉണ്ടാകുന്ന സാമ്പത്തികവും സംസ്ക്കാരികമായ തകർച്ചയെയും കുറിച്ച് സമൂഹവുമായി നിരന്തരം ചർച്ച.
4. ചെറുകിട വ്യാപാരികളുടെയും , ചെറുകിട കർഷകരുടെ ഉപജീവനമാർഗങ്ങളുടെയും ചിലവിൽ വിദേശ സാമ്പത്തിക ലാഭത്തിന് വിപണി തുറക്കുന്ന നയങ്ങളെ എതിർക്കുന്നു.
5. രാജ്യങ്ങൾക്കിടയിൽ തുല്യനിലയിലും പരസ്പര താൽപ്പര്യങ്ങളിലും അധിഷ്ഠിതമായാണ് അന്താരാഷ്‌ട്ര വ്യാപാരം നടക്കേണ്ടതെന്ന് സ്വദേശി ജാഗരൺ മഞ്ച് ശക്തമായി വിശ്വസിക്കുന്നു.
നയരൂപീരണം
എംഎസ്എംഇക്ക് അനുകൂലമായും കർഷകരുടെയും സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും താൽപര്യം മുൻനിർത്തി സർക്കാർ നയങ്ങളെ സ്വാധീനിക്കാനുള്ള നയതന്ത്ര ശ്രമങ്ങളിൽ സ്വദേശി ജാഗരൺ മഞ്ച് ഏർപ്പെടുന്നു.
ഗവേഷണവും പ്രസിദ്ധീകരണങ്ങളും :
കാലാകാലങ്ങളിൽ സാമ്പത്തിക വിഷയങ്ങളിൽ അന്താരാഷ്‌ട്ര വ്യാപാരം, കൃഷി, എംഎസ്എംഇ മേഖല എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ വിലയിരുത്തുന്നു. രാജ്യതാൽപ്പര്യം മുൻനിർത്തി പൗരസമൂഹത്തെ ഉണർത്താൻ സ്വദേശി ജാഗരൺ മഞ്ച് നിരവധി റിപ്പോർട്ടുകളും , സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.
ഒ.എം ശ്രീജിത്ത് .
സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന സംഘടനാ കാര്യദർശി