ആലപ്പുഴ: മാന്നാർ-ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിനികൾക്ക് പരിക്ക്. ബുധനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ബിൻസി, ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ഫിദ ഹക്കീം എന്നിവർക്കാണ് പരിക്കേറ്റത്. ബുധനൂർ തോപ്പിൽ ചന്തയ്ക്ക് സമീപമാണ് അപകടം നടന്നത്.
ബസ് പെട്ടന്ന് ബ്രേക്കിട്ടതാണ് അപകട കാരണം. അമിത വേഗത്തിലാണ് വാഹനം പോയിരുന്നതെന്നും ഡോർ അടച്ചിട്ടുണ്ടായിരുന്നില്ലെന്നും പരിക്കേറ്റ വിദ്യാർത്ഥിനികൾ പറഞ്ഞു. ഇത്തരത്തിൽ റൂട്ടിൽ സ്വകാര്യ ബസുകൾ ഡോറുകൾ അടയ്ക്കാതെ വിദ്യാർത്ഥികളെ കുത്തി നിറച്ചാണ് യാത്ര ചെയ്യുന്നതെന്ന് നാട്ടുകാരും ആരോപിച്ചു. വിദ്യാർത്ഥിനികളുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇവർ പരുമല ആശുപത്രിയിൽ ചികിത്സയിലാണെന്നും ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്തതായും പോലീസ് അറിയിച്ചു.