ക്രിക്കറ്റ് മത്സരങ്ങളിൽ ഓവറുകൾക്കിടയിലെ സമയ നഷ്ടം കുറയ്‌ക്കുന്നതിന് പുതിയ പരീക്ഷണവുമായി ഐസിസി. നിശ്ചിത സമയത്തിനുള്ളിൽ പന്തെറിഞ്ഞ് തീർക്കാൻ ടീമുകൾ തയാറാകാത്തതാണ് കാരണം. ഇനി മുതൽ പന്തെറിയാൻ വൈകിയാൽ ബൗളിംഗ് ടീമിന് അഞ്ച് റൺസ് പെനാൽറ്റി നൽകാനാണ് നീക്കം. മത്സരത്തിന്റെ വേഗത കൂട്ടുന്നതിനും ആരാധകർക്ക് മികച്ച അനുഭവം നൽകുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള മാറ്റമെന്ന് ഐസിസി അറിയിച്ചു.
ഓവർ അവസാനിച്ചതിന് ശേഷം 60 സെക്കൻഡിനുള്ളിൽ അടുത്ത ഓവർ തുടങ്ങുന്നതിൽ ഒരു ഇന്നിംഗ്സിനിടെ ബൗളിംഗ് ടീം മൂന്ന് തവണ പരാജയപ്പെട്ടാൽ അഞ്ചു റൺസാണ് ബാറ്റിംഗ് ചെയ്യുന്ന ടീമിന് പെനാൽറ്റിയായി ലഭിക്കുക. ഇന്ന് ചേർന്ന ഐസിസി ബോർഡ് മീറ്റിംഗിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഡിസംബർ മുതൽ 2024 ഏപ്രിൽ വരെയുള്ള പുരുഷന്മാരുടെ ഏകദിന-ട്വന്റി- 20 ക്രിക്കറ്റ് മത്സരങ്ങളിൽ സ്റ്റോപ് ക്ലോക്ക് പരീക്ഷണം നടത്താനാണ് യോഗത്തിൽ തീരുമാനമായത്. ഓവറുകൾക്കിടയിൽ എടുക്കുന്ന സമയം അറിയുന്നതിനായി ഒരു ക്ലോക്ക് ഉപയോഗിക്കുമെന്നും ഐസിസി വ്യക്തമാക്കി.
പിച്ചിന്റെയോ, ഔട്ട്ഫീൽഡിന്റെയോ നിലവാരമില്ലായ്മ കാരണം രാജ്യാന്തര പദവി നഷ്ടമാകുന്ന വേദികൾക്ക് അഞ്ച് വർഷത്തേക്ക് ആറ് ഡീ മെറിറ്റ് പോയിന്റ് നൽകാനും പുരുഷ-വനിതാ അമ്പയർമാർക്ക് തൃല്യവേതനം നൽകാനും ഐസിസി യോഗത്തിൽ തീരുമാനമായി.















