പത്തനംതിട്ട: പീഡനക്കേസിൽ വെട്ടിലായി പരാതിക്കാരിയും ആശയക്കുഴപ്പത്തിലായി പോലീസും. യുവതിയെ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ പ്രതിക്ക് സംഭവ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തി. എന്നാൽ ഈ സമയം യുവതി പ്രായപൂർത്തിയായിരുന്നു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് പരാതിക്കാരിക്കെതിരെ പോക്സോ കേസെടുക്കാനും സാധ്യതയുണ്ട്.
പത്തനംതിട്ട ചിറ്റാർ പോലീസ് സ്റ്റേഷന് കീഴിലാണ് സംഭവം. പ്രതിയായ ആൺകുട്ടിയുമായി പ്രണയത്തിലായിരുന്നു യുവതി. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കാമുകൻ ഫോണിൽ സൂക്ഷിച്ചിരുന്നു. അടുത്തിടെ യുവാവ് ഇത് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പോലീസിനെ സമീപിക്കുന്നത്.
തുടർന്ന് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയെടുത്തപ്പോഴാണ് പീഡനം നടന്ന കാലയളവ് പുറത്തുവന്നത്. ആ സമയം യുവതിക്ക് 18 വയസും ഒരു മാസവുമായിരുന്നു പ്രായം. യുവാവിന് 18 തികയാൻ നാല് മാസം കൂടി വേണമായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ആശയക്കുഴപ്പത്തിലായത്. തുടർ നടപടികൾക്കായി നിയമോപദേശം തേടിയിരിക്കുകയാണ് അന്വേഷണസംഘം. യുവതിക്കെതിരെ പോക്സോ ചുമത്താനും സാധ്യതയുണ്ട്.