മലയാത്ര എന്നാൽ പാപങ്ങൾക്ക് മോക്ഷം തേടിയുള്ള യാത്രയാണ്. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ ആരെയും പേടിപ്പെടുത്തുന്ന വീഥിയൂടെയാണ് യാത്ര എങ്കിലും അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ പേടിയൊക്കെ പമ്പ കടന്ന് ഭക്തിയിൽ അലിഞ്ഞ് ചേരും. കാട്ടുമൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്ന കരിമല പാതയിലൂടെ ശരണം വിളിച്ചുള്ള യാത്ര ഭക്തിയും കുളിർമയും പകരുന്നതാണ്.
ഏറെ കഷ്ടതകൾ താണ്ടി അയ്യന്റെ സന്നിധിയിലെത്തുമ്പോൾ ലഭിക്കുന്ന നിവൃത്തിയിൽ ഇതുവരെ അനുഭവിച്ച കഷ്ടതകൾ അലിഞ്ഞ് ഇല്ലാതായി തീരുന്നു. എല്ലാ മണ്ഡലകാലത്തെയും ആകർഷണമാണ് ഈ കഠിനയാത്ര താണ്ടിയെത്തുന്ന കുഞ്ഞു മാളികപ്പുറങ്ങളും അയ്യപ്പന്മാരും. നഗ്നപാദരായി മുതിർന്നവരുടെ കയ്യിൽ പിടിച്ച് ശബരീശനെ ദർശിക്കുന്ന കാഴ്ച ആരിലും കൗതുകവും വിസ്മയവും ജനിപ്പിക്കുന്നു.
അത്തരത്തിൽ സന്നിധാനത്തെ താരമായി മാറിയിരിക്കുകയാണ് ഏകലവ്യൻ എന്ന മൂന്ന് വയസുകാരൻ. ആൾ ഇത്തരി കുറുമ്പനാണ്. കുസൃതി നിറഞ്ഞ അവൻ അച്ഛന്റെ കയ്യുംപിടിച്ചാണ് സന്നിധാനത്തെത്തിയത്. മറ്റ് കുഞ്ഞുങ്ങളെ പോലെ ചുമലിലേറിയല്ല ഏകലവ്യൻ അയ്യന്റെ അടുത്തെത്തിയത്. ഉറക്കെ ശരണം വിളിച്ച് നടന്നാണ് കിലോമീറ്ററുകൾ താണ്ടി അവൻ സന്നിധാനത്തെത്തിയത്.
കണിശമായ നിർബന്ധങ്ങളാണ് കുഞ്ഞയ്യപ്പനുള്ളത്. ശരീരത്ത് ആരും തൊടരുത്, ഇരുമുടിക്കെട്ടിൽ തൊടാൻ പാടില്ല, എന്റെ നാളികേരത്തിൽ ആരും പിടിക്കാൻ പാടില്ല അങ്ങനെ നീളുകയാണ് മൂന്നുവയസുകാരന്റെ നിബന്ധനകൾ. കുഞ്ഞുമുണ്ട് ഒക്കെയായി സാക്ഷാൽ അയ്യപ്പസ്വാമിയുടെ വേഷത്തിലാണ് ഏകലവ്യൻ എത്തിയിരിക്കുന്നത്. വഴിനീളെ മുണ്ട് ഊരി പോകുന്നുണ്ടെങ്കിലും അതൊന്നും കൂട്ടാക്കാതെ കുഞ്ഞയ്യപ്പൻ കുസൃതി കാണിക്കുകയാണ്. മുണ്ടുടുപ്പിക്കാൻ പിന്നാലെയോടുന്ന അച്ഛന്റെയും സുഹൃത്തുക്കളുടെയും ചിത്രവും മനം കവരുന്നു.
ശരണം വിളിക്കാൻ പറഞ്ഞാൽ മാത്രമാണ് കുസൃതി മാറ്റിവെക്കുന്നത്. ശരണമന്ത്രം കേൾക്കുന്നതോടെ ഭക്തിയും ഗൗരവും മുഖത്ത് നിറയുകയാണ്. നിറഞ്ഞ ഭക്തിയിൽ അയ്യപ്പനെ കണ്ടതിന്റെ സന്തോഷത്തിലാണ് ഈ കുഞ്ഞയ്യപ്പൻ. തിരുവനന്തപുരം ചിറയൻകീഴിൽ നിന്നാണ് അയ്യനെ കാണാനായി ഏകലവ്യൻ ശബരിമലയിലെത്തിയത്. അച്ഛനും അച്ഛന്റെ സുഹൃത്തും അദ്ദേഹത്തിന്റെ മകനായ ആറുവയസുകാരൻ ധ്രുവും ഏകല്യവനൊപ്പമുണ്ട്.