തിരുവനന്തപുരം: ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് യുവതാരം യശ്വസി ജയ്സ്വാൾ. ടി20 പരമ്പരയിലെ പവർ പ്ലേയിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന നേട്ടമാണ് യശസ്വി സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് രോഹിത്തിന്റെ റെക്കോർഡ് താരം മറികടന്നത്.
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ 24 പന്തിൽ നിന്ന് യശസ്വി അർദ്ധ ശതകം കുറിച്ചിരുന്നു. 25 പന്തിൽ നിന്ന് 53 റൺസെടുത്ത താരത്തിന്റെ ഇന്നിംഗ്സിൽ പിറന്നത് ഒമ്പത് ഫോറും രണ്ട് സിക്സുമാണ്. 2020-ൽ ന്യൂസീലൻഡിനെതിരെ 50 റൺസ് നേടിയ രോഹിത് ശർമയുടെയും 2021-ൽ സ്കോട്ട്ലൻഡിനെതിരെ 50 റൺസ് നേടിയ കെ.എൽ രാഹുലിന്റെയും റെക്കോർഡാണ് ജയ്സ്വാൾ തകർത്തത്.
ടീമിനെ കുറിച്ച് അധികം ചിന്തിക്കാതെ പേടിയില്ലാതെയും ഫ്രീയായും കളിക്കാനാണ് ടീം ക്യാപ്റ്റനും കോച്ചും തന്നോട് ആവശ്യപ്പെട്ടിരുന്നതെന്ന് ജയ്സ്വാൾ മത്സര ശേഷം പറഞ്ഞിരുന്നു. ഷോട്ടുകളും ഫിറ്റ്നസ്സും മെച്ചപ്പെടുത്താൻ താൻ ഏറെ പരിശ്രമിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.