കാസർകോട്: ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് അദ്ധ്യാപകന് സസ്പെൻഷൻ. കാസർകോട് പെരിയ കേന്ദ്രസർവ്വകലാശാലയിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ ഇഫ്തിഖർ അഹമ്മദിനെതിരെയാണ് നടപടി. പരീക്ഷയ്ക്കിടെ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് ഇഫ്തിഖർ മോശമായി പെരുമാറിയെന്നാണ് പരാതി.
കൂടാതെ എംഎ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥികളിൽ പലരും സമാനമായി പരാതി ഉന്നയിച്ചിരുന്നു. ഇഫ്തിഖറിനെതിരെ കോളേജ് അധികൃതർക്ക് നൽകിയ പരാതിയിൽ 33 വിദ്യാർത്ഥികൾ ഒപ്പിട്ടു. ക്ലാസ് എടുക്കുന്നതിനിടെ അശ്ലീല സംഭാഷണങ്ങൾ അദ്ധ്യാപകൻ നടത്താറുണ്ടെന്നാണ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്. ഇംഗ്ലീഷ് കവിതകൾ വ്യാഖ്യാനിക്കുന്നതിനിടെ ലൈംഗികച്ചുവയോടെ സംസാരിക്കുമെന്നാണ് പരാതി.
തുടർന്ന് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സർവ്വകലാശാല വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. കെ.സി ബൈജുവാണ് നടപടിയെടുത്തത്.