ടെൽ അവീവ്: ബന്ദികളാക്കിയ 16 പേരെ കൂടി വിട്ടയച്ച് ഹമാസ്. 10 ഇസ്രായേൽ പൗരന്മാരേയും രണ്ട് റഷ്യൻ പൗരന്മാരേയും നാല് തായ് പൗരന്മാരേയുമാണ് മോചിപ്പിച്ചത്. 16 പേരെയും ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് കൈമാറി. ഹമാസ് വിട്ടയച്ച 10 ഇസ്രായേൽ പൗരന്മാരിൽ അഞ്ച് പേർ ഇരട്ട പൗരത്വം ഉള്ളവരാണ്. മൂന്ന് പേർ ജർമ്മൻ പൗരത്വവും, മറ്റ് രണ്ട് പേർ ഡച്ച്, യുഎസ് പൗരത്വം ഉള്ളവരുമാണ്. നാല് ദിവസത്തേക്ക് പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ, കൂടുതൽ ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസ് തയ്യാറായതോടെ രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
കഴിഞ്ഞ ആറ് ദിവസം കൊണ്ട് 70 ഇസ്രായേൽ പൗരന്മാരെയാണ് ഹമാസ് വിട്ടയച്ചത്. ബന്ദികളെ ആദ്യഘട്ടത്തിൽ റെഡ് ക്രോസിനാണ് കൈമാറിയത്. അതിന് ശേഷമാണ് ഇവരെ ഇസ്രായേലിലേക്ക് എത്തിച്ചത്. 30 പാലസ്തീൻ തടവുകാരെ ഇസ്രായേലും ഇന്നലെ വിട്ടയച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.
അതേസമയം വെടിനിർത്തൽ കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലിൽ എത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ കരാർ അവസാനിക്കാനിരിക്കെയാണ് ബ്ലിങ്കൻ ടെൽ അവീവിൽ ഇസ്രായേൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. കരാർ നീട്ടുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുകയാണെങ്കിലും ഇത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെന്നാണ് വിവരം.