റോം: ചെരിഞ്ഞുപോയെന്ന ഒറ്റക്കാരണത്താൽ ചരിത്രത്തിലിടം നേടിയ ഒന്നാണ് പിസാ ഗോപുരം. സമാനമായി, ചരിവിന്റെ പേരിൽ പ്രശസ്തമായ രണ്ട് ടവറുകൾ കൂടി ഇറ്റലിയിലുണ്ട്. ഗരിസേൻഡ, അസിനേല്ലി എന്നീ രണ്ട് ഗോപുരങ്ങളാണിത്. രണ്ട് ഗോപുരങ്ങളും കൂടപ്പിറപ്പുകളെ പോലെ അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ തന്നെ കൂടുതൽ ചരിവുള്ളത് ഗരിസേൻഡ ടവറിനാണ്. ഇറ്റലിയിലെ ബോലോംഗയിലാണ് പ്രശസ്തമായ ഈ ‘ഇരട്ട ഗോപുര’ങ്ങളുള്ളത്.
എന്നാലിപ്പോൾ ഗരിസേൻഡ ടവറിന് സമീപമുള്ളവർ ആശങ്കയിലാണ്. കാരണം ‘ലീനിംഗ് ടവർ’ എന്നറിയപ്പെടുന്ന ഗരിസേൻഡ തകർന്നുവീഴുമെന്ന ഭീഷണിയിലാണ്. കഴിഞ്ഞ ആയിരം വർഷമായി നിലകൊള്ളുന്ന ഗോപുരമാണ് ഇപ്പോൾ ഭീഷണി നേരിടുന്നത്. ഗോപുരത്തിന്റെ ചരിവ് ഇപ്പോൾ കൂടിവരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭീഷണി. 150 അടി നീളമുള്ള ടവറാണിത്. 12-ാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ഗോപുരത്തിന്റെ ചരിവ് കാരണം ഈ കാഴ്ച കാണാൻ നിരവധി വിനോദസഞ്ചാരികൾ വർഷം തോറും ഇവിടെയെത്തിയിരുന്നു.
ഗരിസേൻഡ ഗോപുരം നിലംപൊത്തുമെന്ന ഭീഷണിയുള്ളതിനാൽ മേഖലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുപക്ഷെ അപകട ഭീഷണിയെ അതിജീവിച്ച് ഗോപുരം വർഷങ്ങളോളം നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായാൽ ഉടൻ തന്നെ നഗരവാസികളെ ഒഴിപ്പിക്കാനാണ് അധികൃതരുടെ നീക്കം.














