ന്യൂഡൽഹി: അമേരിക്കയിലെ ഒറിഗണിൽ പ്രൈമറി സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. അഞ്ച്, എട്ട്, 11 വയസ്സുള്ള കുട്ടികളും ഒരു അധ്യാപകനും മരിച്ചവരിൽ ഉൾപ്പെടുന്നു. സംഭവത്തിൽ ഏഴ് വയസ്സുള്ള കുട്ടിക്കും 54 വയസ്സുള്ള മറ്റൊരു അധ്യാപകനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒറിഗണിലെ ബെൻഡിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അക്രമിയായ 16 കാരൻ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെ തുടർന്ന് സ്കൂൾ അടയ്ക്കുകയും വിദ്യാർഥികളെയും അധ്യാപകരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.
സംഭവം സമൂഹത്തെ നടുക്കിയ ദുരന്തമാണെന്ന് ബെൻഡ്-ലാ പൈൻ സ്കൂൾ ജില്ലാ സൂപ്രണ്ട് സ്റ്റീവൻ കുക്ക് പ്രതികരിച്ചു. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) അന്വേഷണത്തിൽ പ്രാദേശിക പൊലീസിനെ സഹായിക്കുന്നുണ്ട്. അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു.















