പഴത്തിനോളം പ്രിയമില്ലാത്ത ഒന്നാണ് പച്ചക്കായ. കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും കറയും പല വീട്ടമ്മമാരെയും പച്ചക്കായയോടുള്ള പ്രിയം കുറയ്‌ക്കുന്നു. എന്നിരുന്നാലും കായ വറുത്തതിനും കായ തോരനുമൊക്കെ ഇഷ്ടക്കാരുണ്ട് താനും.
എരിശേരിയിലും മോരു കറിയിലും അവിയലിലുമൊക്കെ പങ്ക് വഹിക്കുന്ന കക്ഷിയാണ് പച്ചക്കായ. പേരിനൊരു കായ അരിഞ്ഞ് ചേർക്കുമെന്നല്ലാതെ ഇതിന്റെ ഗുണങ്ങൾ പലരും അറിയുന്നില്ലെന്നതാണ് വാസ്തവം. ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ഇതിനുള്ളത്. വെെറ്റമിൻ ബി6, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുൾപ്പെടെയുള്ള മറ്റ് പോഷകങ്ങളുടെ ഉറവിടം കൂടിയാണ് പച്ചക്കായ.
പച്ചക്കായയുടെ ആറ് ഗുണങ്ങൾ
1) ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു
ദഹനം എളുപ്പമാക്കുന്ന ഇലക്ടട്രോലൈറ്റുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പച്ചക്കായ. കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കുന്നു. പച്ചക്കായ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തി പോഷകങ്ങളെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. മലബന്ധത്തെ തടയാനും ഇവ സഹായിക്കും.
2) രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു
പ്രമേഹ രോഗികൾക്കുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണ് പച്ചക്കായ. ഇവയുടെ ഗ്ലൈസമിക് സൂചിക വളരെ കുറവാണ്. പച്ചക്കായയിൽ അടങ്ങിയിരിക്കുന്ന നാരുകളാണ് പ്രമേഹത്തിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുന്നത്.
3) ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു
പൊട്ടാസ്യത്തിന്റെ കലവറയാണ് പച്ചക്കായ. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം ഉറപ്പുവരുത്താനും പച്ചക്കായ സഹായിക്കുന്നു. വൃക്കയുടെ പ്രവർത്തനത്തിനും പൊട്ടാസ്യം അത്യാന്താപേക്ഷിതമാണ്. കൊളസ്ട്രോൾ നില കുറയ്‌ക്കുന്നതിനൊപ്പം പക്ഷാഘാതവും തടയാൻ പച്ചക്കായക്ക് കഴിയും.
4) ഭാരം നിയന്ത്രിക്കുന്നു
കലോറി കുറഞ്ഞ പച്ചക്കറിയാണിത്. ഒപ്പം തന്നെ നാരുകളുടെ കലവറയും. പച്ചക്കായ കഴിച്ചാൽ വയർ നിറഞ്ഞത് പോലെ അനുഭവപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന റെസിസ്റ്റന്റ് സ്റ്റാർച്ച് ഡയറ്ററി നാരുകളാണ് ഇതിന് സഹായിക്കുന്നത്.
5) കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള സംയുക്തങ്ങൾ പച്ചക്കായയിൽ അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങൾ കുടൽ പാളിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
6) പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
വിറ്റാമിൻ സി സമ്പന്നമാണ് പച്ചക്കായ. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കാനും വിറ്റാമിൻ സി സഹായിക്കുന്നു. മുഖത്ത് തിളക്കം ലഭിക്കാനും മുടി കൊഴിച്ചിലിനെ തടയാനും വിറ്റാിൻ സി സഹായിക്കുന്നു.















