പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരുടെ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. ഒരു ഗോളിന് എഫ് സി ഗോവയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. എഫ് സി ഗോവയ്ക്കായി ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+1) മധ്യനിരതാരം റോളിൻ ബോർഗെസാണ് ഗോൾ നേടിയത്. ഇന്നത്തെ ജയത്തോടെ ഗോവ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.
ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് വിക്ടർ റോഡ്രിഗസ് ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് റോളിൻ ബോർഗെ വലയ്ക്കുള്ളിലാക്കിയത്. രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ഗോൾ പിറന്നില്ല.
വമ്പൻമാരായ മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നിവർക്കെതിരെയാണ് ഈ മാസം ബ്ലാസ്റ്റേഴ്സിന്റെ മറ്റു പ്രധാന മത്സരങ്ങൾ. സീസണിൽ ഇതുവരെ ഒമ്പത് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം, രണ്ടു സമനില, രണ്ട് തോൽവി ഉൾപ്പെടെ 17 പോയിന്റാണ്് ബ്ലാസ്റ്റേഴ്സിനുള്ളത്.
എന്നാൽ, സീസണിൽ ഇതുവരെ തോൽവിയറിയാതെയാണ് ഗോവയുടെ കുതിപ്പ്. ഏഴു മത്സരങ്ങളിൽ ആറും ജയിച്ച് 19 പോയിന്റാണ് ഗോവയ്ക്ക്. 2017നു ശേഷം ബ്ലാസ്റ്റേഴ്സിന് ഗോവയെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല.