ടെല്‍ അവീവ്: ഇസ്രായേല്‍ സ്വദേശിനിയായ വനിതാ അഭിഭാഷകയെ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ ഏഴാം തിയതി നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇസ്രായേല്‍ ടെലിവിഷനുകളില്‍ ഉള്‍പ്പെടെ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. 40കാരിയായ അമിത് സൂസാന എന്ന യുവതിയെ തട്ടിക്കൊണ്ടു പോകുന്നതും, ഇവര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കെഫാര്‍ ആസയിലെ വീട്ടില്‍ നിന്നാണ് ഭീകരര്‍ ഇവരെ പിടികൂടുന്നത്. എട്ടോളം പേര് ചേര്‍ന്നാണ് യുവതിയെ പിടിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുന്നത്. ഇവര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതും, ഇതിനിടെ ഭീകരര്‍ ഇവരെ മര്‍ദ്ദിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. തോക്ക് കയ്യിലേന്തിയ ഭീകരരും ഇക്കൂട്ടത്തിലുണ്ട്. സൂസാന ഹമാസ് ഭീകരരെ ചവിട്ടാന്‍ ശ്രമിക്കുന്നതും, ഒടുവില്‍ ഇവരെ വലിച്ചിഴച്ച് കൊണ്ടുപോകുന്നിടത്തുമാണ് വീഡിയോ അവസാനിക്കുന്നത്.
അതേസമയം ഹമാസ് ഭീകരര്‍ കഴിഞ്ഞയാഴ്ച മോചിപ്പിച്ചവരില്‍ സൂസാനയും ഉള്‍പ്പെട്ടിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 70 ഇസ്രായേല്‍ പൗരന്മാര് ഉള്‍പ്പെടെ 100ഓളം പേരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇനിയും 140ഓളം പേര് ഹമാസിന്റെ തടങ്കലിലുണ്ടെന്നാണ് കണക്ക്.