അന്താരാഷ്ട്ര നിലവാരത്തിലാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗമെന്നാണ് സർക്കാരിന്റെ വാദം. ഹൈ-ടെക് ക്ലാസ് റൂമുകളും മെച്ചപ്പെട്ട പഠനരീതികളുമാണ് പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും ഉയർന്ന വിജയ ശതമാനത്തിന് പിന്നിലെന്ന് ഘോരംഘോരം പ്രസംഗിക്കുന്നവരാണ് ചുറ്റുമുള്ള പലരും.ഓരോ വർഷവും ഉയരുന്ന വിജയ ശതമാനം ഉയർത്തിക്കാട്ടി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെടുന്നുവെന്ന് അവകാശപ്പെടലുകൾക്കിടെ സ്വയം വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ.
പൊതു വിദ്യാഭ്യാസ രംഗത്തെ വാരി കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് വിമർശിച്ചിരിക്കുന്നത്. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നും കുട്ടികളോട് ചെയ്യുന്ന ചതിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. പൊതു പരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. പക്ഷേ 50 ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്നാണ് അദ്ധ്യാപകരോട് പൊതുവിദ്യാഭ്യാസ ഡയറക്ടർ പറയുന്നത്.
‘ആർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീക്ഷകൾ പരീക്ഷകളാവുക തന്നെ വേണം. ജയിച്ചുകൊള്ളട്ടെ, വിരോധമില്ല. എല്ലാവരും എ പ്ലസിലേക്കോ ? എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? 69,000 പേർക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് കിട്ടുക എന്നുവെച്ചാലോ? എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടിവായിക്കാൻ അറിയാത്ത കുട്ടികൾ വരെ അതിലുണ്ട്. ചതി എന്നുപറയുന്നത് ഇല്ലാത്ത കഴിവ് ഉണ്ടെന്ന് ആ കുട്ടിയോട് പറയുന്നതാണ്’-എസ്. ഷാനവാസ് പറഞ്ഞു. എസ്എസ്എൽസി ചോദ്യ പേപ്പർ തയ്യാറാക്കാനായുള്ള ശിൽപശാലയ്ക്കിടെയാണ് വിമർശനം.
പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും ഉയർന്ന വിജയ ശതമാനത്തെ ഓർത്ത് അഭിമാനം കൊള്ളുന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വാക്കുകളാണിതെന്നത് ഞെട്ടിക്കുന്നതാണ്. വാരിക്കൊരി മാർക്ക് വിതരണം വേണ്ടെന്ന വാക്കാൽ നിർദ്ദേശത്തോടെയാണ് ശിൽപശാല അവസാനിച്ചത്. ഈ വർഷം 99.7 ആയിരുന്നു എസ്എസ്എൽസി പരീക്ഷയിലെ വിജയശതമാനം. 68,604 വിദ്യാർത്ഥികൾക്കായിരുന്നു ഫുൾ എ പ്ലസ്.
എന്നാൽ മൂല്യനിർണയം മെച്ചപ്പെടുത്താൻ വേണ്ടിയാണ് വിമർശനം ഉന്നയിച്ചതെന്നാണ് എസ്. ഷാനവാസിന്റെ വിശദീകരണം. പൊതുവിദ്യാഭ്യാസ രംഗത്തെ ഇകഴ്ത്തി കാട്ടുന്നതാണ് വിമർശനമെന്നാണ് അദ്ധ്യാപകർക്കിടയിലെ സംസാരം.