ഇപ്പോൾ തീയേറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് അനിമൽ. ബോളിവുഡിൽ നിലവിലുള്ള റെക്കോർഡുകൾ തകർത്ത് ചിത്രം മുന്നേറുകയാണ്. അർജ്ജുൻ റെഡ്ഡി എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയിൽ ശ്രദ്ധേയമായൊരു കാര്യമാണ് ലൊക്കേഷനുകൾ. അതോടൊപ്പം ആരാധകർക്ക് ഇടയിൽ സംസാര വിഷയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്ന രൺബീറിന്റെ വീട്.

അതിസമ്പന്നമായ ഈ വീട് ചിത്രത്തിനായി സെറ്റിട്ടിരിക്കുന്നതാണെന്നാണ് ആരാധകരുടെ വാദം. എന്നാൽ അത് തെറ്റാണ്. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ബോളിവുഡിലെ ഒരു താരത്തിന്റെ സ്വന്തം സൗധമാണ്. നടൻ സെയ്ഫ് അലിഖാനും കുടുംബവും അവധിക്കാലം ആഘോഷിക്കുന്നത് ഇവിടെയാണ്. പട്ടൗഡി നവാബുമാരുടെ കുടുംബവീട് ആയ പട്ടൗഡി പാലസിന്റെ നിലവിലെ അവകാശി സെയ്ഫ് അലി ഖാൻ ആണ്.

സെയ്ഫിന്റെ മുത്തച്ഛനും പട്ടൗഡിയിലെ അവസാനത്തെ നവാബുമായിരുന്ന ഇഫ്തിക്കർ അലി ഖാൻ 1935 ൽ പണിത കൊട്ടാരമാണിത്. ബ്രിട്ടീഷ് ആർക്കിടെക്റ്റ് ആയ റോബർട്ട് തോർ റസൽ ആയിരുന്നു ഡിസൈനിംഗും നിർമ്മാണ മേൽനോട്ടവും നടത്തിയത്. നിലവിൽ 800 കോടിയോളം രൂപയാണ് പട്ടൗഡിയുടെ മൂല്യം. മുൻപും നിരവധി ചിത്രങ്ങളുടെ ചത്രീകരണത്തിന് വേണ്ടി പട്ടൗഡി കൊട്ടാരം നൽകിയിട്ടുണ്ട്. ഡൽഹിയിൽ നിന്നും 60 കിലോമീറ്റർ മാറി ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്.

അതേസമയം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ മണാലി, ഹിമാചൽ പ്രദേശ്, ഗുരുഗ്രാം, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ചിത്രീകരിച്ചു, മറ്റ് രംഗങ്ങൾ സ്‌കോട്ട്ലൻഡ്, ഇംഗ്ലണ്ട് എന്നിവയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
















