വയനാട്: സുൽത്താൻ ബത്തേരിയിൽ ശബരിമല
തീർത്ഥാടകർ സഞ്ചരിച്ച ബസിടിച്ച് ആനയ്ക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ആനയുടെ നില ഗുരുതരമായി തുടരുകയാണ്. നിലവിൽ വനം വകുപ്പ് ആർആർടി, വെറ്ററിനറി എന്നിവരുടെ നിരീക്ഷണത്തിലാണ് ആന. വലത് കാലിലും ചുമലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ആനയെ നിരീക്ഷിക്കുന്നതിന് വേണ്ടി പ്രദേശത്ത് കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെയും വാച്ചർമാരെയും നിയോഗിച്ചിട്ടുണ്ട്.
ആന അവശനിലയിൽ തുടരുന്നതിനാൽ തന്നെ മയക്കുവെടി വച്ച് പിടികൂടി ചികിത്സ നൽകുക എന്നത് പ്രായോഗികമല്ല. കല്ലൂർ മേഖലയിൽ സ്ഥിരമെത്താറുള്ള ഏകദേശം 35 വയസ് പ്രായമുള്ള കൊമ്പനാണ് പരിക്കേറ്റത്. ആനയെ ഇടിച്ച ബസ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ്. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ഇടിച്ചത്.
ബസിലുണ്ടായിരുന്ന തീർത്ഥാടകർക്കും പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ നാട്ടിലേക്ക് മടങ്ങി. ബസിന്റെ മുൻഭാഗം തകർന്ന നിലയിലാണ്.