രാജ്യത്തെ വേഗതയേറിയ ട്രെയിനിന്റെ എഞ്ചിൻ അഥവാ ബീസ്റ്റ് ഓഫ് ഇന്ത്യൻ റെയിൽവേയുടെ വീഡിയോ പങ്കുവെച്ച് റെയിൽവേ മന്ത്രാലയം. റെയിൽവേയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ശക്തിയേറിയ ഇലക്ട്രിക് ലോക്കോമോട്ടീവായ WAG 12B -യുടെ ദൃശ്യങ്ങളാണ് റെയിൽവേ മന്ത്രാലയം പങ്കുവെച്ചിരിക്കുന്നത്. ഭാരമേറിയ ചരക്ക് ട്രെയിനുകളെ അതിവേഗത്തിൽ വഹിക്കാനാകുന്ന രാജ്യത്തെ ഇലക്ട്രിക് ലോക്കോമോട്ടീവാണിത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗവും റെയിൽവേയുടെ വികസന പാതയിലെ നാഴികക്കല്ലുമാണിത്.
WAG 12B എന്നത് അതീവ ശക്തിയിലും വേഗത്തിലും ചലിക്കാനാകുന്ന ലോക്കോമോട്ടീവുകളാണ്. 12,000 കുതിരകളുടെ ശക്തിയ്ക്ക് സമമാണ് ഈ ഇലക്ട്രിക് ലോക്കോമോട്ടീവ് എന്നാണ് റെയിൽവേ ഇതിനെ വിശേഷിപ്പിച്ചത്. ഇതിന് മുമ്പ് ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയത് WAG-9 എന്ന ലോക്കോമോട്ടീവാണ്. ഇതിന്റെ ഇരട്ടി ശക്തിയും വേഗതയുമായിരിക്കും പുതിയതിന് ഉണ്ടാകുക. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാകും ഇതിന്റെ സഞ്ചാരം. 6,000 ടൺ ഭാരം വരെയും വഹിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.
ഐജിബിടി അടിസ്ഥാനമാക്കിയുള്ള പ്രൊപ്പൽഷൻ ടെക്നോളജിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഊർജ്ജം ലാഭിക്കുന്നതിന് പുറമെ കാർബൺ പുറന്തള്ളുന്നതിന്റെ തോത് കുറയ്ക്കുകയും ചെയ്യുന്നു. WAB 12B രാജ്യത്തെ ചരക്ക് ഗതാഗതത്തിന്റെ ശരാശരി വേഗത വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. നിലവിലെ വേഗതയിൽ നിന്നും മണിക്കൂറിൽ 20-25 കിലോമീറ്ററെങ്കിലും വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.