ന്യൂഡൽഹി: ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ ബാങ്കുകൾ പ്രതിസന്ധിയില്ലാതെ ശക്തമായി മുന്നോട്ട് പോവുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ പ്രവർത്തന ഫലമായി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 15,000 കോടിയിലധികം പൊതുമേഖലാ ബാങ്കുകളിൽ പുനഃസ്ഥാപിക്കാനായിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. നിലവിലെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാണെന്ന തരത്തിലുള്ള പ്രതിപക്ഷ നേതാക്കളുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകുകയായിരുന്നു ധനമന്ത്രി.
” ബാങ്കിംഗ് മേഖലകളിൽ ആഗോള പ്രതിസന്ധികൾ തുടർന്നുകൊണ്ടിരിക്കുമ്പോഴും ഇന്ത്യൻ ബാങ്കുകൾ ശക്തമായി മുന്നോട്ട് പോവുന്നത് തുടരുന്നു. കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള പ്രവർത്തികൾ തടയുമ്പോൾ ബാങ്കിന്റെ ലാഭവിഹിതവും ഉയരുന്നുണ്ട്” – നിർമ്മല സീതാരാമൻ പറഞ്ഞു.
ഈ വർഷം മാർച്ച് 31 വരെ കുടിശ്ശിക വരുത്തിയവരിൽ നിന്നും 33,801 കോടി രൂപ ബാങ്കുകൾ തിരിച്ചുപിടിച്ചതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ തടഞ്ഞ് പൊതുമേഖല ബാങ്കുകളിൽ 15,000 കോടിയിലധികം രൂപ പുന: സ്ഥാപിച്ചതായും മന്ത്രി അറിയിച്ചു.