ന്യൂഡൽഹി: ഫോർബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പട്ടികയിൽ 32ാം സ്ഥാനമാണ് നിർമ്മല സീതാരാമൻ നേടിയത്. നാല് ഇന്ത്യക്കാരാണ് പട്ടികയിൽ ആകെ ഇടം നേടിയിരിക്കുന്നത്. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒ റോഷ്നി നാടാർ മൽഹോത്ര, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ, ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാരായ മറ്റ് വനിതകൾ. യഥാക്രമം 60, 70, 76 എന്നീ സ്ഥാനങ്ങളാണ് ഇവർ നേടിയത്.
യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാം സ്ഥാനവും, അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് മൂന്നാം സ്ഥാനവും നേടി. 2019ലാണ് നിർമ്മല സീതാരാമൻ ഇന്ത്യയുടെ ധനമന്ത്രിയായി ചുമതലയേൽക്കുന്നത്. രാഷ്‌ട്രീയത്തിൽ എത്തുന്നതിന് മുൻപ് യുകെയിലെ അഗ്രികൾച്ചറൽ എഞ്ചിനീയേഴ്‌സ് അസോസിയേഷനിലും, ബിബിസി വേൾഡ് സർവീസിലും അവർ നിർണായക പദവികൾ വഹിച്ചിട്ടുണ്ടെന്നും ഫോർബ്‌സ് വ്യക്തമാക്കി. ദേശീയ വനിതാ കമ്മീഷൻ അംഗമായും നിർമ്മല സീതാരാമൻ പ്രവർത്തിച്ചിട്ടുണ്ട്.
പട്ടികയിൽ 60ാം സ്ഥാനം നേടിയ റോഷ്നി നാടാർ മൽഹോത്ര എച്ച്‌സിഎൽ സ്ഥാപകനായ ശിവ് നാടാറുടെ മകളാണ്. എച്ച്സിഎൽ ടെക്നോളജീസിന്റെ ചെയർപേഴ്സണായ റോഷ്‌നിയാണ് സ്ഥാപനത്തിലെ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് ഫോർബ്‌സ് അറിയിച്ചു. 2020ലാണ് റോഷ്‌നി ഈ സ്ഥാനം ഏറ്റെടുക്കുന്നത്.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ചെയർപേഴ്സൺ ആണ് സോമ മൊണ്ടൽ. ഇവർ ചുമതല ഏറ്റെടുത്തതിന് ശേഷം സ്ഥാപനം റെക്കോർഡ് സാമ്പത്തിക വളർച്ച കൈവരിച്ചിരുന്നു. ആദ്യ വർഷം തന്നെ കമ്പനിയുടെ ലാഭവിഹിതത്തിൽ മൂന്നിരട്ടി വർദ്ധനയാണ് ഉണ്ടായതെന്ന് ഫോർബ്‌സ് ചൂണ്ടിക്കാണിച്ചു. ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീ എന്ന പദവി കൂടി സ്വന്തമാക്കിയ വ്യക്തിയാണ് പട്ടികയിൽ 76ാം സ്ഥാനത്തുള്ള മജുംദാർ ഷാ. മലേഷ്യയിലെ ജോഹോറിൽ 1978ലാണ് ബയോകോൺ എന്ന സ്ഥാപനത്തിന് മജുംദാർ തുടക്കം കുറിക്കുന്നത്.