നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (എന്ഐഎഫ്ടി) പഠിക്കാൻ സുവർണാവസരം. 16 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷൻ ഡിസൈനിംഗ്/ടെക്നോളജി ബിരുദ, പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം. കേരളത്തിൽ കണ്ണൂരിലും പഠിക്കാൻ അവസരമുണ്ട്. ബംഗളൂരു, ഭോപാൽ, ഭുവനേശ്വർ, ചെന്നൈ, കംഗ്റ, കൊൽക്കത്ത, മുംബൈ, ഷില്ലോംഗ്, ശ്രീനഗർ, ഗാന്ധിനഗർ, ഹൈദരാബാദ്, ജോദ്പുർ, ന്യൂഡൽഹി, പട്ന, റായ്ബറേലി എന്നിവിടങ്ങളിലും ക്യാമ്പസുണ്ട്.
പ്ലസ്ടു പരീക്ഷ കേരളത്തിൽ പൂർത്തിയാക്കിയവർക്ക് കണ്ണൂരിലെ ഡൊമിസൈൽ വിഭാഗ സീറ്റിന് അർഹതയുണ്ട്. അപേക്ഷാസമയത്ത് താത്പര്യം അറിയിക്കണം. ബി.ഡിസ്- ഫാഷൻ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ; ബി.എഫ്.ടെക്. എം.ഡിസ്., എം.എഫ്.എം. എന്നീ കോഴ്സുകളാണ് കണ്ണൂർ ക്യാമ്പസിലുള്ളത്. ഓൺലൈൻ പരീക്ഷയ്ക്കായി ഡിസംബർ അഞ്ച് മുതൽ ജനുവരി മൂന്ന് വരെ അപേക്ഷിക്കാം. രാജ്യത്ത് 60 പരീക്ഷാകേന്ദ്രങ്ങളിലായി ഫെബ്രുവരി അഞ്ചിനാണ് യു.ജി/പി.ജി പ്രവേശന പരീക്ഷ.
അപ്പാരൽ പ്രൊഡക്ഷൻ ബി.എഫ്.ടെക്: ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ച്, പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവർ, നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ്ടുതല പരീക്ഷ (ഫിസിക്സ്, മാത്തമാറ്റിക്സ് ഉൾപ്പെടെ കുറഞ്ഞത് അഞ്ചുവിഷയങ്ങൾ പഠിച്ച്) ജയിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവിനു തുല്യമെന്ന് അംഗീകരിച്ച ചില വിദേശയോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
പി.ജി.: മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്.), മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എം.എഫ്.എം.), മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്.). വിവിധ പ്രോഗ്രാമുകളിലായി ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബി.ഇ./ബി.ടെക്. ബിരുദം, നിഫ്റ്റിൽനിന്നും ബി.എഫ്.ടെക്., നിഫ്റ്റ്/എൻ.ഐ.ഡി.യിൽനിന്നും കുറഞ്ഞത് മൂന്നുവർഷം ദൈർഘ്യമുള്ള ഡിപ്ലോമ തുടങ്ങിയവ നേടിയവർക്ക് അപേക്ഷിക്കാം. ഗവേഷണപ്രോഗ്രാമുകളിലേക്ക് പ്രായപരിധിയില്ല.















