പത്തനംതിട്ട: റവന്യൂ ജില്ലാ കലോത്സവത്തിനിടെ വീണ്ടും കൂട്ടത്തല്ല്. പത്തനംതിട്ട റവന്യൂ കലോത്സവത്തിനിടെയാണ് കൂട്ടയടി നടന്നത്. കോൽക്കളിക്കിടെ കറണ്ട് പോയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൂട്ടത്തല്ലിലേക്ക് നയിച്ചത്. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലായിരുന്നു ഇപ്രാവശ്യത്തെ റവന്യൂ ജില്ലാ കലോത്സവം നടന്നത്.
കോൽക്കളി മത്സരവേദിയിൽ കറണ്ട് പോയതിനെ തുടർന്നുണ്ടായ വാക്കുത്തർക്കം ഒടുവിൽ ഫലപ്രഖ്യാപനമായതോടെ കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. പരിശീലകർ ഉൾപ്പെടെയുള്ളവരാണ് തമ്മിലടിച്ചത്. ഇതിനുമുമ്പും മറ്റു ജില്ലകളിൽ സമാനമായ സംഭവം നടന്നിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഉപജില്ലാ മത്സരത്തിനിടെയാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ മുമ്പ് അടിപിടിയുണ്ടായത്. ഇതിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെതിരെ നാശനഷ്ടം വരുത്തൽ, മുറിവുണ്ടാക്കുന്ന ആയുധം ഉപയോഗിക്കൽ, നിയമ വിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു.