കൊല്ലം: സമുദ്രോഷ്മാവ് കൂടിയതോടെ മത്സ്യലഭ്യത കുറയുന്നതായി മത്സ്യത്തൊഴിലാളികൾ. മത്സ്യബന്ധനം ആശ്രയിച്ചു ജീവിക്കുന്നവർ വൻ പ്രതിസന്ധിയിലാണെന്നും മത്സ്യത്തൊഴിലാളികൾ അറിയിച്ചു. സമുദ്രോഷ്മാവ് ഉയർന്നതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ കടലിലേക്ക് ഉൾവലിഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ചെറിയ അയലകളും പൊടിച്ചാളകളും മാത്രമാണ് ലഭിക്കുന്നത്. ആഴക്കടലിലേക്ക് പോയാലും അവസ്ഥയിൽ മാറ്റമൊന്നുമില്ലെന്ന് ബോട്ടുടമകൾ പറയുന്നു. കഴിഞ്ഞ വർഷങ്ങളെക്കാൾ മത്സ്യക്ഷാമം ഈ മാസങ്ങളിൽ കൂടുതലായി അനുഭവപ്പെടുകയായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ ലഭിച്ച മഴ കാരണം ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ എല്ലാ തരത്തിലുമുള്ള മത്സ്യങ്ങൾ ലഭിച്ചിരുന്നു.
കഴിഞ്ഞ മാസങ്ങളിൽ ചാള ചാകര ലഭിച്ചതും മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകിയിരുന്നു. എന്നാൽ പെട്ടന്ന് സമുദ്രോഷ്മാവ് കൂടിയതോടെ മത്സ്യങ്ങൾ ലഭിക്കുന്നതിൽ ദൗർലഭ്യത നേരിടുന്നത് മത്സ്യത്തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാഴ്‌ത്തുകയാണ്. സമുദ്രോഷ്മാവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് 1.5 ഡിഗ്രി വരെ ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.















