റിയോ ഡി ജനീറോ: ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എഡ്‌നാൾഡോ റോഡ്രിഗസിനെ പുറത്താക്കി. പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ കാരണമായ തിരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ടാണ് റിയോ ഡി ജനീറോയിലെ കോടതി ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പുതിയ ഭരണസമിതിയെ ഒരു മാസത്തിനുള്ളിൽ കണ്ടെത്താനും കോടതി ഉത്തരവിട്ടു. ഭരണപരമായ കാര്യങ്ങൾ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകുന്നതിനായി താത്കാലിക സമിതിയെയും കോടതി നിയോഗിച്ചിട്ടുണ്ട്.
ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ വംശജനാണ് എഡ്‌നാൾഡോ. 2022-ലാണ് ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷനും പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസും സംയുക്തമായി തയ്യാറാക്കിയ കരാർപ്രകാരം നടന്ന തിരഞ്ഞെടുപ്പിലൂടെ എഡ്‌നാൾഡോ പ്രസിഡന്റാകുന്നത്. എന്നാൽ, കരാറുണ്ടാക്കുന്നതിൽ പ്രോസിക്യൂട്ടർ ഓഫീസ് അധികാരലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കോടതി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എഡ്നാൾഡോയെ പുറത്താക്കിയത്.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിക്കാത്ത ബ്രസീൽ ഫുട്‌ബോൾ ടീമിന് കനത്ത പ്രഹരം നൽകുന്നതാണ് ഈ പുറത്താക്കൽ. കൂടാതെ, ഫുട്‌ബോൾ ഫെഡറേഷൻ ഭരണത്തിൽ മറ്റ് ഇടപെടലുകളുണ്ടായാൽ ഫിഫയ്‌ക്ക് ബ്രസീൽ ഫുട്‌ബോൾ ടീമിനെ വിലക്കാനും സാധിക്കും. നിയമവശങ്ങൾ പരിശോധിച്ചതിന് ശേഷം കോടതി ഉത്തരവിനെതിരെ നടപടി സ്വീകരിക്കുമെന്ന് കോൺഫെഡറേഷൻ വക്താവ് അറിയിച്ചു.















