കോഴിക്കോട്: ട്രാഫിക് കുരുക്കുണ്ടാക്കിയതിന്റെ പേരിൽ പോലീസ് പിടിച്ചതോടെ പിഎസ്‌സി പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന യുവാവിന്റെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് പ്രസാദിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇക്കാര്യം കോഴിക്കോട് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് ഉത്തരവിൽ പറയുന്നു. കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥാണ് സിറ്റി കമ്മീഷണർക്ക് നിർദ്ദേശം നൽകിയത്. എന്നാൽ തനിക്ക് കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്ന യുവാവ് കമ്മീഷനെ അറിയിച്ചു. ഈ സാഹചര്യത്തിൽ സംഭവവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കേസുകൾ തീർപ്പാക്കിയതായും കമ്മീഷൻ വ്യക്തമാക്കി.
2022 ഒക്ടോബർ 22-നാണ് കേസിന് ആസ്പദമായ സംഭവം. രാമനാട്ടുകരയിൽ നിന്നും മീഞ്ചന്ത സ്‌കൂളിലേക്ക് പോയ ടികെ അരുണിനെയാണ് പോലീസ് തടഞ്ഞുവച്ചത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച അരുൺ ഗതാഗത തടസമുണ്ടാക്കി എന്നതായിരുന്നു കുറ്റം. പരീക്ഷയ്‌ക്ക് എത്തണമെന്ന് പറഞ്ഞിരുന്നെങ്കിലും പോകാൻ സമ്മതിച്ചില്ല. ഇതേ തുടർന്നാണ് യുവാവ് പരാതി നൽകിയത്.