നാഗാലാൻഡിലെ ടൂറിസം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രി ടെംജെൻ ഇമ്ന അലോംഗ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുന്ന രസകരമായ അടിക്കുറിപ്പുകൾക്ക് പേരുകേട്ടയാളാണ്. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ഹൃദയ സ്പർശിയായ കുറിപ്പും ഉപദേശങ്ങളും മന്ത്രി പങ്കുവയ്‌ക്കാറുണ്ട്. അതുകൊണ്ട് തന്നെ സമൂഹമാദ്ധ്യമങ്ങളിലും മന്ത്രിക്ക് ആരാധകർ ഏറെയാണ്. എന്നാൽ ഇത്തവണ മന്ത്രി തന്റെ പാചക മികവിലൂടെയാണ് ഫോളോവേഴ്സിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.
എക്‌സിൽ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് മന്ത്രിയെ പിന്തുടരുന്നത്. കഴിഞ്ഞ ദിവസം മന്ത്രി ഉണ്ടാക്കിയ പൊറോട്ട എഗ് റോൾ വീഡിയോ 65,000 പേരാണ് ഇതിനോടകം കണ്ടത്. വീഡിയോയിൽ ഒരു സ്റ്റീൽ കപ്പിൽ മുട്ടകൾ അടിക്കുന്നതും റോളിന് അനുയോജ്യമായ ഒരു ബേസ് ഉണ്ടാകാൻ ഇത് പൊറോട്ടയ്‌ക്ക് മീതെ ഒഴിക്കുന്നതും കാണാം. അവസാന മിനുക്കുപണികൾക്കായി ഒരു സഹായി എത്തി. ഉള്ളി, ചിക്കൻ കഷണങ്ങൾ, സോസ് എന്നിവ ഉപയോഗിച്ച് മുട്ടയിൽ പൊതിഞ്ഞ പറാത്തയെ റോളുകളാക്കി മുറിച്ച് അദ്ദേഹത്തിന് നൽകുന്നതും കാണാം.
എക്‌സിൽ പങ്കുവച്ച പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെ ആയിരുന്നു..’സത്യം പറഞ്ഞാൽ, നിങ്ങൾക്ക് കഴിക്കാൻ തോന്നിയോ? പക്ഷേ, എനിക്ക് വെർച്വൽ മോഡിൽ ഭക്ഷണം നൽകാൻ കഴിയില്ല.!’ ഹോട്ടലിന് പുറത്ത് ഒരു കസേരയിൽ ഇരുന്ന് റോൾ ഗംഭീരമെന്ന് ഇമ്‌ന പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.















